ലാസ്റ്റ് ബെഞ്ചുകാരൻ’ ഇന്ന് 24 ബിരുദങ്ങളുടെ ഉടമ; മാജിക്കിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംനേടി ഇരിങ്ങാലക്കുടക്കാരൻ
ഇരിങ്ങാലക്കുട: സ്കൂൾ, കോളേജ് കാലഘട്ടത്തിൽ പഠനത്തിൽ പിന്നിലായതിനാൽ എല്ലാവരും എഴുതിത്തള്ളിയ ‘ലാസ്റ്റ് ബെഞ്ചുകാരൻ’ ഇന്ന് 24 വിദ്യാഭ്യാസ യോഗ്യതകളുടെ ഉടമയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവും. ഇരിങ്ങാലക്കുട സ്വദേശിയായ ജെറി ഫ്രാൻസിസാണ് (35) കഠിനാധ്വാനത്തിലൂടെ ഈ അസാധാരണ നേട്ടം സ്വന്തമാക്കിയത്.
1977 മുതൽ ഇരിങ്ങാലക്കുടയിൽ ‘വന്ദന ബുക്ക് സ്റ്റാൾ’ നടത്തുന്ന ഫ്രാൻസിസ് എം.വിയുടെ മകനായ ജെറി, മൂന്നാം ക്ലാസ് മുതൽ പഠനത്തിൽ ശരാശരിക്ക് താഴെയായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷവും മൂന്ന് പേപ്പറുകളിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ജോലിയോടൊപ്പം വിദൂരവിദ്യാഭ്യാസത്തിലൂടെ പരാജയപ്പെട്ട പേപ്പറുകൾ വിജയിക്കുകയും, 2007 മുതൽ 2026 വരെയുള്ള 19 വർഷത്തിനിടെ രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്നായി 24 വിദ്യാഭ്യാസ യോഗ്യതകൾ നേടിയെടുക്കുകയും ചെയ്തു. ഇതിൽ 20 എണ്ണം പേരിനൊപ്പം ചേർക്കാവുന്ന ബിരുദങ്ങളും ഡിപ്ലോമകളുമാണ്.
വിദ്യാഭ്യാസത്തോടൊപ്പം തനിക്ക് താല്പര്യമുള്ള സ്റ്റേജ് ഇല്ല്യൂഷൻ (മാജിക്) കലയെയും ചേർത്തുപിടിച്ചാണ് ജെറി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയത്. തന്റെ 20 വിദ്യാഭ്യാസ യോഗ്യതകൾ പിന്നിൽ രേഖപ്പെടുത്തിയ പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഉപയോഗിച്ച് ഒരു മിനിറ്റ് 40 സെക്കൻഡ് നേരം ‘റോപ്പ് ബാലൻസ് ഇല്ല്യൂഷൻ’ അവതരിപ്പിച്ചതിനാണ് 2026 ജൂലൈ 17-ന് റെക്കോർഡ് അംഗീകാരം ലഭിച്ചത്.
വിദ്യാഭ്യാസം, സ്റ്റാമ്പുകൾ, പെർഫോമൻസ് ആർട്ട് എന്നിവ സംയോജിപ്പിച്ച് ‘മാജിക് വിത്ത് എ മെസ്സേജ്’ എന്ന ആശയത്തിലൂടെ, പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന സന്ദേശമാണ് ജെറി ഫ്രാൻസിസ് പുതുതലമുറയ്ക്ക് നൽകുന്നത്.