IJKVOICE

ആറാട്ടുപുഴ പൂരം ചടങ്ങുകൾക്ക് പരിസമാപ്തി

ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി*

ആറാട്ടുപുഴ: ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി ഭക്തി സാന്ദ്രമായി.

ഗ്രാമത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണ് ഗ്രാമബലി. ഗ്രാമത്തിന്റെ എല്ലാദിക്കിലും ശാസ്താവ് സഞ്ചരിച്ച്‌ ഗ്രാമവാസികൾക്ക് സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കുന്നു.

പൂരത്തിന്റെ പിറ്റേ ദിവസം വൈകുന്നേരം ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിനു മുമ്പ് വലിയപാണി കൊട്ടി ഗ്രാമബലിക്ക് ശാസ്താവിനെ വാതിൽ മാടത്തിൽ ആവണപ്പലകയിൽ എഴുന്നള്ളിച്ച്‌ വെച്ചു. മാടമ്പി വിളക്ക്‌, നിറപറ, നാളികേരമുടച്ച്‌വയ്ക്കൽ എന്നിവ ഉണ്ടായി. തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് 9.40ന് ശാസ്താവ് പുറത്തേയ്ക്ക് എഴുന്നെള്ളി. ക്ഷേത്രത്തിന്റെ മുൻ വശത്തുള്ള വില്ലൂന്നി തറയിലാണ് ആദ്യം തൂവിയത്.

ജലാശയം, ക്ഷേത്രങ്ങൾ, നാൽവഴിക്കൂട്ട്, പെരുവഴി, ഉത്തമ വൃക്ഷം എന്നിവിടങ്ങളിലും പെരുവനം ഗ്രാമത്തിന്റെ നാലതിരുകളിലുള്ള ക്ഷേത്രങ്ങളെ സങ്കല്പിച്ചും തന്ത്രി ബലി തൂവി. ആറാട്ടുപുഴയിൽ നിന്നും പുറപ്പെട്ട് വിശാലമായ പാടത്തുകൂടി കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, ക്ടായ്കുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാല്, ചേർപ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപ്പറമ്പ്‌, പിഷാരിക്കൽ ക്ഷേത്രങ്ങളിൽ ബലി തൂവി.

പിഷാരിക്കൽ ഭഗവതിയുടെ ആറാട്ടു കടവിൽ നിന്നും വഞ്ചിയിൽ പുഴയ്ക്കക്കരെ കടന്ന് തൊട്ടിപ്പാൾ, മുളങ്ങ്, എന്നീ ക്ഷേത്രങ്ങളിലും ബലി തൂവി. വീണ്ടും വഞ്ചി വഴി ശാസ്താം കടവിൽ വന്ന് ആന പുറത്ത് തിടമ്പേറ്റി ക്ഷേത്രത്തിലെത്തി.

എഴുന്നെള്ളുന്ന വഴികളിലെല്ലാം കോലം വരച്ച് നിലവിളക്കും വെള്ളരിയും, നാളികേരവും വെച്ചും തോരണങ്ങളും ചാർത്തിയും നിറപറകളോടെ ആറാട്ടുപുഴ ശാസ്താവിനെ ഭക്ത്യാദരങ്ങളോടെ ഭക്തജനങ്ങൾ എതിരേറ്റു.

ഗ്രാമബലിക്കു ശേഷം വെളുപ്പിന് 5.45 ന് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിച്ചു. ശാസ്താവിനെ ശ്രീകോവിലിലേക്ക്‌ എഴുന്നെള്ളിച്ചതിന് ശേഷം കൊടി കൂറ താഴെ ഇറക്കി. താല്ക്കാലിക കൊടിമരം ഇളക്കി മാറ്റിയതോടുകൂടി ഈ വർഷത്തെ പൂരത്തിന്റെ എല്ലാ ചടങ്ങുകളും പര്യവസാനിച്ചു