IJKVOICE

പോലീസിന്റെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി ദനഹ തിരുനാളിനോടനുബന്ധിച്ച് ജനുവരി 10, 11, 12 വരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ജനുവരി 10, 11, 12 തീയതികളിലാണ് പ്രധാന തിരുനാൾ ദിവസങ്ങൾ, , ഈ ദിവസങ്ങളിൽ പതിനായിരക്കണക്കിന് ഭക്തർ ഇരിങ്ങാലക്കുടയിലേക്കെത്തുമെന്നതിനാൽ പോലീസ് സുരക്ഷാ ഒരുക്കങ്ങൾ ശക്തിപ്പെടുത്തിയതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇരിങ്ങാലക്കുട ടൗണിൽ ആയതിനാലും, കത്തീഡ്രലിന് കീഴിലുള്ള അറുപതോളം യൂണിറ്റുകളിൽ നിന്നുള്ള 20 ഓളം വാദ്യമോളങ്ങളോടയുള്ള ഘോഷയാത്രകൾ വിവിധ ഭാഗങ്ങളിൽ നിന്നും പുറപ്പെട്ട് പള്ളിയിൽ വന്ന് ചേരുന്നതിനാലും, നിലവിൽ ടൗണിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ഭക്തർ എത്തുന്നതിനാലും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട DYSP ഷാജു സി എൽ ന്റെ മേൽ നോട്ടത്തിൽ 2 സോണുകളാക്കി തിരിച്ചാണ് പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

സോൺ–1 ൽ പള്ളി പരിസര പ്രദേശങ്ങളിലെ സുരക്ഷാ ചുമതല ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജിയും സോൺ–2 വിൽ ഗതാഗതത്തിന്റേയും പാർക്കിംഗ് ക്രമീകരണത്തിന്റെയും ചുമതല ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസിനുമാണ് നൽകിയിട്ടുള്ളത്.

*സുരക്ഷയ്ക്കായി തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രധാന സംവിധാനങ്ങൾ*:

* നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനം

* 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം പള്ളി പരിസരത്ത് പ്രവർത്തിക്കും.

* വിപുലമായ പാർക്കിംഗ് സൌകര്യങ്ങൾ

* CCTV സർവൈലൻസ്.

* മൊബൈൽ, ബൈക്ക് പട്രോളിംഗ്.

* മഫ്തി പോലീസ്.

* കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പോലീസ്.

* ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം.

*ഫയർഫോഴ്‌സ്, മെഡിക്കൽ ടീം, ആംബുലൻസ് എന്നിവ സ്ഥലത്ത് സജ്ജമാക്കും.

*സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ സ്വീകരിക്കും.

പൊതുജനങ്ങൾ പൊലീസിന്റെയും വോളന്റിയർമാരുടെയും നിർദ്ദേശങ്ങൾ പാലിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യേണ്ടതാണ്.. തിരുനാൾ ദിവസങ്ങളിൽ അനാവശ്യമായി വാഹനങ്ങൾ പള്ളി പരിസരത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും, സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും അറിയിച്ചു.

സമാധാനപരമായും സുരക്ഷിതമായും ഇരിങ്ങാലക്കുട ദനഹ തിരുനാൾ ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് അറിയിച്ചു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ അഡീഷണൽ എസ് പി സിനോജ് ടി എസ്, ബിജോയ്.പി.ആർ (സ്പെഷ്യൽ ബ്രാഞ്ച്), ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു സി എൽ, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം കെ ഷാജി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്