ഇരിങ്ങാലക്കുടയിൽ വീട്ട് ഉടമസ്ഥനെ ക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസ്; പ്രതിഷേധവുമായി സി.എൻ.ആർ.എ
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിന് സമീപം ഹിൽ വാല്യു റോഡിൽ നാട്ടുകാരനായ വീട്ട് ഉടമസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ (CNRA) അംഗമായ അക്കരക്കാരൻ വർഗ്ഗീസിന്റെ മകൻ വിജുവിനാണ് (59) മർദ്ദനമേറ്റത്. ഇയാളുടെ കണ്ണിന് ഉൾപ്പെടെ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ക്രൈസ്റ്റ് കോളേജിൽ പഠിക്കുന്ന മാള സ്വദേശികളായ നാല് വിദ്യാർത്ഥികൾക്കെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച (06-10-2026) വൈകിട്ട് ആറ് മണിയോടെ വിജുവിന്റെ വീടിന് സമീപമായിരുന്നു അക്രമം. സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കുമായി ഏറെനേരം നിന്ന യുവാവിനോട് കാര്യം തിരക്കിയതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ദേഷ്യപ്പെട്ട് മടങ്ങിയ ഇയാൾ നാല് കൂട്ടുകാരുമായി തിരിച്ചെത്തി വിജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
വിജുവിന് നേരെയുണ്ടായ അക്രമത്തിൽ ക്രൈസ്റ്റ് നഗർ റസിഡന്റ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്മെന്റ് കർശന നടപടി സ്വീകരിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഹോസ്റ്റലുകളുടെ മറവിൽ നടക്കുന്ന ഇത്തരം സംഘം ചേരലുകളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ പോലീസ് പട്രോളിംഗും ജാഗ്രതയും ശക്തമാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോളേജ് അധികൃതർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ഔദ്യോഗികമായി പരാതി നൽകാനും യോഗം തീരുമാനിച്ചു.
പ്രതിഷേധ യോഗത്തിൽ സി.എൻ.ആർ.എ പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, മാത്യു ജോർജ്ജ്, ബെന്നി ചെറിയാൻ, സക്കീർ ഓലക്കാട്ട്, ടി.വി. സോമൻ, ഡേവീസ് ഊക്കൻ, ഡെൽറ്റി ജീസൻ, ആനി പോൾ എന്നിവർ സംസാരിച്ചു.