ട്രെയിനുകളിലേതുപോലെ ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാന്‍ ‘ബൈക്ക് എക്‌സ്പ്രസ്’ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കൂറിയര്‍ സര്‍വീസ് വിജയകരമായതിനുപിന്നാലെ ലോജിസ്റ്റിക്‌സ് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഉടന്‍ തുടങ്ങും. പ്രത്യേക വാനുകളിലാകും ഇരുചക്രവാഹനങ്ങളെത്തിക്കുക. പഴയ ബസ്സുകള്‍ ഇതിനായി ഉപയോഗിക്കും. കെ.എസ്.ആര്‍.ടി.സി.ക്ക് മുന്‍പ് ലോജിസ്റ്റിക്ക് വാനുകളുണ്ടായിരുന്നു. ആ മാതൃകയിലും രൂപത്തിലുമാകും പുതിയവയും തയ്യാറാക്കുക. പൊതുജനങ്ങളുടെ പ്രതികരണവും അഭിപ്രായവും പരിഗണിച്ചശേഷമാകും പദ്ധതിക്ക് അന്തിമരൂപം നല്‍കുക. നിരക്കു നിശ്ചയിച്ചിട്ടില്ല. നിലവില്‍ തീവണ്ടിമുഖേനയും ചരക്കുഗതാഗത കമ്പനികള്‍ വഴിയുമാണ് ഇരുചക്രവാഹനങ്ങള്‍ അയക്കുന്നത്. അതിനെക്കാള്‍ നിരക്കുകുറയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ ശ്രമം. ട്രെയിനും സ്വകാര്യ സ്ഥാപനങ്ങളുടെ സര്‍വീസുമില്ലാത്ത റൂട്ടുകള്‍ കോര്‍പ്പറേഷന്‍ കൂടുതലായി പ്രയോജനപ്പെടുത്തും. കെ.എസ്.ആര്‍.ടി.സി.യുടെ കൂറിയര്‍ സര്‍വീസ് ലാഭത്തിലാണ്. ആദ്യഘട്ടത്തില്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. മിക്ക ഡിപ്പോകളിലും കൂറിയര്‍ സർവീസുണ്ട്. ദിവസം ഒന്നരലക്ഷം രൂപയോളം ഈയിനത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇരുചക്രവാഹനനീക്കവും വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *