ശിവരാത്രി മഹോത്സവത്തിന് ഇരിങ്ങാലക്കുടയിൽ നിന്ന് ആലുവ മണപ്പുറത്തേക്ക്

കെ എസ് ആർ ടി സി നടത്തുന്ന 13 പ്രത്യേക സർവ്വീസുകളുടെ ഫ്ലാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഉണ്ഡലം എം എൽ എ യുമായ ഡോ ആർ ബിന്ദു നിർവഹിച്ചു.

ശിവരാത്രി ദിനമായ മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 15 മിനിറ്റ് സമയ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആലുവയിലേയ്ക്കും തിരികെയും തുടർച്ചയായി സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഒൻപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി വരെയായിരിക്കും ഈ സർവീസുകൾ.

5 ഓർഡനറി ബസുകളും 8 ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് ജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കാൻ പ്രത്യേക സർവ്വീസിനായി തയ്യാറാക്കിയിരിക്കുന്നത്. പുല്ലൂർ, വല്ലക്കുന്ന്, കല്ലേറ്റുംകര, ആളൂർ, പോട്ട, ചാലക്കുടി, അങ്കമാലി വഴിയായിരിക്കും യാത്ര.

ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഓപ്പറേറ്റിങ്ങ് സെൻ്ററിൽ വച്ച് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ആർ ടി സി വികസന സമിതി കൺവീനർ ജയൻ അരിമ്പ്ര , കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ സി കെ ഗോപി, അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ ജെ സുനിൽ, ഇൻസ്പെക്ടർ ഇൻ ചാർജ് ടി കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *