IJKVOICE

നുണകൾ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി സുരേഷ് ഗോപി മാറി

ഇരിങ്ങാലക്കുട : വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് തൃശൂർ എംപി സുരേഷ് ഗോപി ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് പറഞ്ഞു നടക്കുന്നത് പച്ചക്കള്ളമാണ്. സമ്പൂർണമായും സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്ന നിർമ്മിതിയാണ് ജനറൽ ആശുപത്രിയിലെ നവംബർ 6ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട പ്രധാന കെട്ടിടം എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതിയിൽ 8 കോടി രൂപയും നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപയും ചേർന്ന് ആകെ 20 കോടി രൂപ ചിലവിലാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചത്. ബേസ്മെന്റ് ഫ്ലോറും ഗ്രൗണ്ട് ഫ്ലോറും അടക്കം 6 നിലകളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞത് ആർക്കും നേരിൽ കാണാവുന്നതാണ്. ഇതിനായി ഒരു രൂപ പോലും തൃശൂർ എംപി അനുവദിച്ചിട്ടില്ലെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി എം.പി.യായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് തന്നെ ഒന്നാം ഘട്ടം പൂർത്തീകരിച്ച് 2023 ജനുവരി 13ന് രണ്ടാം ഘട്ടം നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. നിർമ്മാണ പ്രവർത്തികൾ എല്ലാം പൂർത്തീകരിച്ച ശേഷം നവംബർ 6ന് ഉദ്‌ഘാടന പരിപാടി നിശ്ചയിച്ചതിന് പിന്നാലെ ഒക്ടോബർ 20 എന്ന് തിയ്യതി രേഖപ്പെടുത്തിയ ഒരു കത്ത് ഒരു കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതർക്ക് ലഭ്യമാകുകയാണ് ഉണ്ടായിട്ടുള്ളത്.

അങ്ങനെ ഒരു കത്ത് ലഭിച്ചു എന്നല്ലാതെ യാതൊരുവിധ തുടർ നടപടികളും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. സുരേഷ് ഗോപി സ്വന്തം പേരിൽ പറഞ്ഞു നടക്കുന്ന മറ്റെല്ലാ പദ്ധതികളും പോലെ ഇതിന്റെയും ഒരിഞ്ചുപോലും നിർമ്മാണം ആരംഭിച്ചിട്ടുമില്ല.

ഇത്തരം വ്യാജ പ്രസ്താവനകൾ കേന്ദ്ര മന്ത്രി എന്ന പദവിക്ക് ചേരുന്നതല്ലെന്നും ഇപ്രകാരം നുണപ്രചരണങ്ങൾ നടത്തുന്നവർക്ക് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ബേസ്‌മെന്റ് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നു മുതല്‍ നാല് വരെയുള്ള നിലകള്‍ എന്നിങ്ങനെ ആറ് നീലകലാണുള്ളത്. ബേസ്‌മെന്റ് ഫ്‌ളോറില്‍ അത്യാഹിത വിഭാഗവും ഗ്രൗണ്ട് ഫ്ലോറിൽ ഒ.പി., ഫാര്‍മസി, ലബോറട്ടറി എന്നീ വിഭാഗങ്ങളും ഒന്നാം നിലയില്‍ വാര്‍ഡുകളുമായാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓപ്പറേഷന്‍ തീയേറ്റര്‍ ബ്ലോക്ക് രണ്ടാം നിലയിലും ഐ.സി.യു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് മൂന്നാം നിലയിലുമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ജനറല്‍ ആശുപത്രി ആയതുകൊണ്ട് തന്നെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍കൂടി പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ലിഫ്റ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംവിധാനങ്ങളോടെയാണ് കെട്ടിടം പ്രവര്‍ത്തനക്ഷമമായിരിക്കുന്നത് എന്നും മന്ത്രി ഡോ. ആർ. ബിന്ദു കൂട്ടിച്ചേർത്തു