IJKVOICE

സ്ത്രീപക്ഷ രചനകൾ കൂടുതലായി

സ്ത്രീപക്ഷ രചനകൾ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്നത് ശുഭസൂചന: മന്ത്രി ആർ ബിന്ദു

ഇരിഞ്ഞാലക്കുട: പുരുഷ എഴുത്തുകാർ പോലും സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുകയും സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന രചനകൾ എഴുതുകയും ചെയ്യുന്നത് സമൂഹത്തിന്റെ ശുഭകരമായ മാറ്റത്തിന്റെ സൂചനയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു. പ്രത്യക്ഷത്തിൽ ഒരേ സാമൂഹിക സാഹചര്യങ്ങളിൽ ജീവിക്കുമ്പോഴും സ്ത്രീകൾക്ക് പുരുഷന്മാരുടേതിൽനിന്ന് വിഭിന്നമായ സവിശേഷ സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരാറുണ്ട്. അവയെ തിരിച്ചറിയാനും സമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരാനും എഴുത്തുകാരന് കഴിയണം. അനുശ്രീ കൃഷ്ണനുണ്ണി എഴുതിയ കവിതാസമാഹാരം “പാതിവഴി”, ശങ്കർ രാമകൃഷ്ണൻ എഴുതിയ നോവൽ “ഉമ ഒരു മനുഷ്യ സ്ത്രീ” എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കവിയും കഥാകൃത്തുമായ ബാലകൃഷ്ണൻ അഞ്ചത്ത് അധ്യക്ഷത വഹിച്ചു. പ്രതാപ് സിംഗ്, തൈക്കൂട്ടത്തിൽ രാമകൃഷ്ണൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രൊഫ സാവിത്രി ലക്ഷ്മണൻ, പി കെ ഭരതൻ മാസ്റ്റർ എന്നിവർ പുസ്തക പരിചയം നടത്തി. നഗരസഭ മുൻ ഹെൽത്ത് ഇൻസ്പെക്ടർ പി ആർ സ്റ്റാൻലി, ജെ ബി എഡ്യൂഫ്ലൈ ഡയറക്ടർ ബിജു വർഗീസ്, കവികളായ വി വി ശ്രീല, പി എൻ സുനിൽ, അരുൺ ഗാന്ധിഗ്രാം എന്നിവർ സംസാരിച്ചു