ഇരിങ്ങാലക്കുട : കുറുനരിക്കൂട്ടം വളർത്തുമൃഗങ്ങളെ ആക്രമിച്ചു
പടിയൂർ പത്തനങ്ങാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരിക്കൂട്ടം വളർത്തു മൃഗങ്ങളെ ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മേഖലയിൽ കുറുനരികളുടെ ആക്രമണം ഉണ്ടായത്. കമ്പനി പറമ്പിൽ രമേഷിന്റെ 5 എരുമകളെ കടിച്ച് പരുക്കേൽപിച്ചു.പിന്നീട് കുറ്റിക്കാട്ടിൽ മറഞ്ഞ ഇവ സന്ധ്യയോടെ വീണ്ടും എത്തി നാല് വളർത്തു നായ്ക്കളെയും ഒരു പശുവിനെയും ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ കുറുനരികളുടെ കടിയേറ്റ മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി.മേഖലയിൽ കുറുനരി ശല്യം കൂടുതലാണെന്നും ഇവയെ പിടികൂടാൻ അടിയന്തര നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കണ്ണൻ ആവശ്യപ്പെട്ടു.