IJKVOICE

ബി ജെ പി ആരോപണം

കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്ക് പുറത്തിറക്കിയതിൽ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയെ അവഹേളിച്ചതായി ബി ജെ പി ആരോപണം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഈ വർഷത്തെ കൂടൽമാണിക്യം തിരുവുത്സവം പ്രോഗ്രാം ബുക്കിൽ സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ ഗോപിയുടെ ആശംസ ഉൾപ്പെടുത്താതെ അവഹേളിച്ചതായി ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, എം എൽ എ, ജില്ലാ കളക്‌ടർ എന്നിവരുടെ ആശംസാ സന്ദേശങ്ങൾ ഉൾപ്പെടുത്തുകയും, സ്ഥലം എം പി കൂടിയായ കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്തത് പ്രോട്ടോകോൾ ലംഘനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ്റെയും മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളുടേയും ദേവസ്വം അഡ്‌മിനി‌സ്ട്രേറ്ററുടേയും അന്ധമായ രാഷ്ട്രീയ വിരോധം കൊണ്ടു മാത്രമാണ് ഇത്തരം നെറികേടുകൾ നടത്തുന്നത് എന്നും എ ആർ ശ്രീകുമാർ വ്യക്തമാക്കി.കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ വികസനം ലക്ഷ്യമിട്ട് പ്രസാദം പദ്ധതികൾ പോലുള്ള വൻ പദ്ധതികൾ ആവിഷ്‌കരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്ന ഈ ഘട്ടത്തിൽ ചെയർമാനും ഭരണസമിതിയും ഹൈന്ദവരുടെ പൊതു സ്വത്തായ ക്ഷേത്രങ്ങളെ രാഷ്ട്രീയവൽക്കരിച്ച് എ കെ ജി സെൻ്റർ ആക്കി മാറ്റുന്നതിൽ ബി ജെ പി തൃശൂർ ജില്ലാ സൗത്ത് കമ്മിറ്റി കടുത്ത പ്രതിഷേധം വാർത്ത കുറിപ്പിൽ രേഖപ്പെടുത്തി.നിലവിലുള്ള പ്രോഗ്രാം ബുക്ക് പിൻവലിച്ച് കേന്ദ്രമന്ത്രിയുടെ സന്ദേശം ഉൾപ്പെടുത്തി പുതിയ പ്രോഗ്രാം ബുക്ക് പുറത്തിറക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി ബി ജെ പി മുന്നോട്ടു പോകുമെന്നും ശ്രീകുമാർ പ്രസ്താവനയിലൂടെ മുന്നറിയിപ്പു നൽകി