ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശിയുടെ സൈക്കിളിനു കുറുകെ പട്ടി ചാടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായി രുന്നയാൾ മരിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും ചികിത്സയ്ക്കായി നിക്ഷേപ തുക ലഭിച്ചില്ലെന്ന് പരാതി.
പൊറത്തിശ്ശേരി കോട്ട ക്കകത്തുകാരൻ പൗലോസ് (പൈലി-68) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. 2024 ഓഗസ്റ്റ് 28-ന് ആയിരുന്നു അപകടം. ബസ് സ്റ്റാൻഡിലെ ലോട്ടറിക്കടയിലേക്ക് രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്ന് സൈക്കിളിൽ പോകുമ്പോഴാണ് അപകടം. റോഡിൽ തലയടിച്ചുവിണതിനെത്തുടന്ന് അബോധാവസ്ഥയിലായിരുന്നു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും സാമ്പത്തികപ്രശ്നം മൂലം പിന്നീട് വീട്ടിലായിരുന്നു ചികിത്സ. മേയ് പത്തിന് പേരാമ്പ്ര തിരുഹൃദയ പാലിയേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ കൊണ്ടുവന്നു.
കരുവന്നൂർ ബാങ്കിൽനിന്ന് ചികിത്സയ്ക്ക് പണം ലഭിച്ചില്ലെന്ന് ഭാര്യ
കരുവന്നൂർ ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നെ ങ്കിലും ചികിത്സയ്ക്കാവശ്യമായ പണം ലഭിച്ചിരുന്നില്ലെന്ന് ഭാര്യ വെറോനിക്ക ആരോപിച്ചു. പത്തു വർഷംമുമ്പ് നാലുലക്ഷം രൂപ കരുവന്നൂർ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ നിക്ഷേപിച്ചിരുന്നു. 50,000 രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ടായിരുന്നു.
തൃശ്ശൂരിലെ ചികിത്സയ്ക്ക് 10 ലക്ഷത്തോളം രൂപ ചെലവായി. ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് എല്ലാ മാസവും ബാങ്കിൽ കത്ത് നൽകുമായിരുന്നെങ്കിലും പതിനായിരവും ഇരുപതിനായി രവുമൊക്കെയാണ് കിട്ടിയിരുന്നത്.
ചികിത്സയ്ക്ക് ഒരുമാസം ഒന്നരലക്ഷത്തോളം രൂപയാണ് ചെലവ് വന്നിരുന്നത്. ഇപ്പോൾ അഞ്ചുലക്ഷം കടമായി.
ബാങ്കിൽനിന്ന് ഇനിയും രണ്ടരലക്ഷത്തോളം കിട്ടാനുണ്ട്. കഴിഞ്ഞ വെള്ളി യാഴ്ചയും ബാങ്കിലേക്ക് വിളിച്ചിരുന്നു. പക്ഷേ, പണം കിട്ടിയില്ലെന്നും വെറോനിക്ക പറഞ്ഞു.
ഞായറാഴ്ച രാവിലെ 12.10-നാണ് മരിച്ചത്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: വെറോനിക്ക. സംസ്‌കാരം തിങ്കളാഴ്ച നാലിന് പൊറത്തിശ്ശേരി സെയ്ന്റ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ