IJKVOICE

ഒന്നാം റാങ്കും സംസ്ഥാനതലത്തിൽ 17-ാം റാങ്കും നേടി

എടതിരിഞ്ഞി : മലയാളം മീഡിയത്തിൽ പഠിച്ച് കേരള എൻട്രൻസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്കും സംസ്ഥാനതലത്തിൽ 17-ാം റാങ്കും നേടി നാടിനും വീടിനും അഭിമാനമായി അഭിനവ്. എടതിരിഞ്ഞി കോറോത്ത് വീട്ടിൽ കെ.എസ്. അഭിനവാണ് എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഐഐടിയിൽ പഠിക്കാനാണ് അഭിനവിന്റെ ആഗ്രഹം.

കഴിഞ്ഞ വർഷം റാങ്കിൽ പിറകിലായിരുന്നതിനാൽ വീണ്ടും എഴുതുകയായിരുന്നു.

എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്‌കൂളിലായിരുന്നു അഭിനവ് പ്ലസ്ടു പഠിച്ചത്. ജെഇഇക്കുവേണ്ടി കോച്ചിങ്ങിന് പോയിരുന്നു. അതോടൊപ്പം കീം പരീക്ഷയും എഴുതി. ജെഇഇ മെയിനും ജെഇഇ അഡ്വാൻസ്ഡും അഭിനവ് നേടിയിട്ടുണ്ട്.

ജെഇഇ മെയിനിൽ കഴിഞ്ഞ വർഷം 97.54 ശതമാനം മാർക്ക് നേടിയിരുന്നു. ഇത്തവണ പരീക്ഷയെഴുതി 99.178 ശതമാനം മാർക്കുമായി നേട്ടമുണ്ടാക്കാനും അഭിനവിനായി.

അച്ഛൻ: വിഎച്ച്എസ്ഇ റിട്ട. അധ്യാപകൻ ശിവദാസൻ. അമ്മ: സുഷി. സഹോദരൻ: പ്ലസ്‌വൺ വിദ്യാർഥി അഭിനന്ദ്