IJKVOICE

അഥീന മറിയം ജോൺസനെ തൃശൂർ എസ്‌പി ആദരിച്ചു

ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ജേതാവ് അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്‌ണകുമാർ ഐ പി എസ്, ഇരിങ്ങാലക്കുടയിലെ ജില്ലാ പോലീസ് ആസ്ഥാനത്തു വച്ച് ആദരിച്ചു*….

ഇരിങ്ങാലക്കുട : ഏഷ്യാ കപ്പ് അണ്ടർ 16 വനിതാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം അഥീന മറിയം ജോൺസനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ഇരിങ്ങാലക്കുട , കാട്ടുങ്ങച്ചിറയിലുള്ള ജില്ലാ ആസ്ഥാനത്തെ ചേംബറിൽ വെച്ച് ആദരിച്ചു.

തൃശ്ശൂർ റൂറൽ ജില്ലയിലെ കൊരട്ടി ലിറ്റിൽഫ്ളവർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് അഥീന.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി അഥീനയെ അഭിനന്ദിക്കുകയും, ഭാവിയിലും രാജ്യത്തിന് അഭിമാനമായി കൂടുതൽ നേട്ടങ്ങൾ നേടാൻ ആശംസിക്കുകയും ചെയ്തു.

ഏഷ്യൻ കപ്പ് ബാസ്‌കറ്റ്‌ബോൾ (അണ്ടർ 16 വനിത ‘ബി’ ഡിവിഷൻ) ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് അഥീന മറിയം ജോൺസൺ.

നെടുംകുന്നം പതാലിൽ ജോൺസൺ തോമസിന്റെയും അനു ജോൺസന്റെയും മകളാണ് അഥീന. ബാസ്‌കറ്റ്‌ബോൾ പാരമ്പര്യം പിന്തുടർന്നാണ് അഥീന ഈ നേട്ടം കൈവരിച്ചത്. പിതാവ് ജോൺസൺ തോമസ് കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ബാസ്‌കറ്റ്‌ബോൾ പരിശീലകനാണ് . അമ്മ അനു ജോൺസൺ തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ കായികാധ്യാപികയും മുൻ ബാസ്‌കറ്റ്‌ബോൾ താരവുമാണ്.

കഴിഞ്ഞ ഏപ്രിലിൽ പോണ്ടിച്ചേരിയിൽ നടന്ന ദേശീയ വനിതാ യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത അഥീന ഉൾപ്പെടുന്ന കേരള ടീമിന്റെ കോച്ച് ജോൺസണും മാനേജർ അനുവുമായിരുന്നു. ആമി അന്ന ജോൺസണും അഗത റോസ് ജോൺസണുമാണ് അഥീനയുടെ സഹോദരങ്ങൾ.

കായികം യുവതലമുറയ്ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നതോടൊപ്പം ശാസന, ആത്മവിശ്വാസം, ടീം സ്പിരിറ്റ്, ജീവിത മൂല്യങ്ങൾ തുടങ്ങിയവ വളർത്തുന്നുവെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പറഞ്ഞു