IJKVOICE

സസ്യലോകത്തേക്ക് പുതിയൊരു സുന്ദരി

പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെയും ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ഗവേഷകര്‍. ഇടുക്കി ജില്ലയിലെ മാങ്കുളം, കല്ലാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 1380 മുതല്‍ 1480 മീറ്റര്‍ വരെയുള്ള ഉയരത്തില്‍ നിന്നാണ് മെലാസ്റ്റോമറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’ എന്നറിയപ്പെടുന്ന സോണറില ജനുസില്‍പ്പെട്ട സസ്യത്തെ കണ്ടെത്തിയത്.
കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്രവിഭാഗം മുന്‍ മേധാവിയും സീനിയര്‍ പ്രഫസറുമായിരുന്ന ഡോ. സന്തോഷ് നമ്പി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ഗവേഷകയും നിലവില്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച് അസോസിയേറ്റുമായ ചേലക്കര-മെതുക് സ്വദേശിനി ഡോ. എസ്. രശ്മി, ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ. കാര്‍ത്തികേയന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷകയായിരുന്ന ഡോ. ഡാനി ഫ്രാന്‍സിസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന്‍ തൃശ്ശൂർ തൈക്കാട്ടുശ്ശേരി സ്വദേശി ഡോ. വിഷ്ണു മോഹന്‍ എന്നിവരടങ്ങുന്ന ഗവേഷകരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. ഫിന്‍ലാന്‍ഡില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേര്‍ണലായ ‘അനല്‍സ് ബോട്ടണിസി’ ഫെന്നിസിയില്‍ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സോണറില ജനുസ്സിനെ സസ്യലോകത്തിനു പരിചയപ്പെടുത്തിയ, ഇന്ത്യന്‍ സസ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന വില്യം
റോക്‌സ്ബര്‍ഗിനോടുള്ള ആദരസൂചകമായി ‘ സോണറില റോക്സ്ബര്‍ഗി ‘ എന്നാണ് ഇതിനു ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്. അറുപത് സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യകാണ്ഡവും ഇളം പിങ്ക് നിറത്തോടു കൂടിയ പൂക്കളും ക്രമേണ നേര്‍ത്ത് ഞെട്ടിനോടുചേര്‍ന്ന് വളരുന്ന ഇലയുടെ മിനുസ്സമേറിയ പരന്നഭാഗവും സോണറില റോക്സ്ബര്‍ഗിയെ വ്യത്യസ്തമാക്കുന്നു. പുതിയ കണ്ടെത്തലിന്റെ ഭാഗമായി, അതിതീവ്ര വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഈ സസ്യത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ സോണറില ജനുസ്സിന്റെ അന്‍പതോളം സ്പീഷിസുകളുണ്ട്. അതീവ സംരക്ഷണ പ്രാധാന്യം അര്‍ഹിക്കുന്ന ഇവയില്‍ ഭൂരിഭാഗവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിലാണ്. പശ്ചിമഘട്ടമലയോര മേഖലകളിലെ അനിയന്ത്രിത നിര്‍മാണപ്രവര്‍ത്തനങ്ങളും ടൂറിസവും ചെങ്കല്‍കുന്നുകളിലെ ഖനനവും ഇവയുടെ നിലനില്‍പ്പിനെ ദോഷകരമായി ബാധിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഫോട്ടോ- സോണറില റോക്‌സ്ബര്‍ഗി