പുതുക്കാട് : തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ രണ്ടാം പ്രതി അറസ്റ്റിൽ. മറ്റത്തൂർ വില്ലേജ് മറ്റത്തൂർകുന്ന് സ്വദേശി നെടുംമ്പാക്കാരൻ വീട്ടിൽ ജിസ്മി തെരേസ് ജോഷി (30) യെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ കേസ്സിലെ രണ്ടാം പ്രതി ജിസ്മി ബഹു. കേരള ഹൈക്കോടതിയിലും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയിലും മുൻകൂർ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ബഹു.കോടതികൾ ഇവരുടെ ജാമ്യാപേക്ഷകൾ യഥാക്രമം 29-05-2026, 22-06-2026 എന്നീ തിയ്യതികളിൽ നിരസിച്ച് ഉത്തരവിട്ടിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ 23-06-2026 തിയ്യതി ഇവർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ സ്വമേധയാ ഹാജരാവുകയായിരുന്നു. തുടർന്ന് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ (36) എന്നയാളെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനകം പിടികൂടിയിരുന്നു. ആക്രമണത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനാണ് (37) ഗുരുതരമായി പരിക്കേറ്റിരുന്നത്.
പരിക്കേറ്റ ഡീനസിന്റെ ഭാര്യയായ ജിസ്മിയും അവിവാഹിതനായ ഒന്നാം പ്രതി സിറിളും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് ക്രൂരമായ ഈ അതിക്രമത്തിന് കാരണമായത്. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും ചേർന്ന് ഡീനസിനെ വധിക്കാൻ ആസൂത്രണം ചെയ്യുകയായിരുന്നു. 2026 മെയ് 8-ാം തിയ്യതി രാത്രി 7:30 ഓടെ തൃക്കൂർ നെല്ലിച്ചോട്ടിലെ ജിമ്മിന് മുന്നിൽ ഒളിച്ചിരുന്ന സിറിൾ, വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.