രക്ഷകനെ അഭിനന്ദിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ
ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ യാത്രക്കാരിയെ സാഹസികമായി രക്ഷിച്ച ആർ പി എഫ് ഉദ്യോഗസ്ഥൻ കൽപറമ്പ് അരിപ്പാലം സ്വദേശി കരിമ്പനക്കൽ കെ.വി. സന്തോഷിനെ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പാറ്റ്‌ഫോമിലായിരുന്നു സംഭവം. സെക്കന്തരാബാദിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്‌പ്രസ് സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയ സമയത്ത് ട്രെയിനിൽ കയറാൻ ശ്രമിച്ച യാത്രക്കാരി പെട്ടെന്ന് ട്രാക്കിനടിയിലേക്ക് വീഴുകയായിരുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് ഓടിയെത്തി ഇവരെ ട്രെയിനടിയിലേക്ക് പോകാതെ വലിച്ചു നീക്കുകയായിരുന്നു. സ്വന്തം സുരക്ഷ പോലും ഗൗനിക്കാതെ ഒരാളുടെ ജീവൻ രക്ഷിക്കാൻ സന്തോഷ് കാണിച്ച ധൈര്യവും അർപ്പണമനോഭാവവും മാതൃകയും അഭിനന്ദനാർഹവുമാണെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു