ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സംഗമഗ്രാമമാധവനെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ദേശീയ ശ്രദ്ധ ; പ്രകീർത്തിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ.

ദൽഹിയിലെ പ്രഗതി മൈദാനിൽ നടന്ന ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് July 29, 30 തീയതികളിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച അഖില ഭാരതീയ ശിക്ഷാ സമാഗമത്തിൽ പങ്കെടുക്കാൻ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ക്ഷണം ലഭിച്ചിരുന്നു. സെന്റ് ജോസഫ്‌സ് കോളേജിൽ പ്രവർത്തിക്കുന്ന പുരാരേഖാഗവേഷണകേന്ദ്രത്തിനാണ് UGC പവലിയനിലേക്ക് ക്ഷണം ലഭിച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ മാധവനെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ വിവരങ്ങൾ ആരായാൻ സെന്റ് ജോസഫ്സിന്റെ പവലിയനിൽ നേരിട്ടെത്തി. ഈ ഗവേഷണ പദ്ധതിയ്ക്കു വേണ്ട സഹായങ്ങൾ ഉറപ്പു വരുത്താമെന്ന് വാഗ്ദാനം ചെയ്തു. UGC ചെയർമാൻ പ്രൊഫ മാമിദാല ജഗദീഷ് കുമാർ, സെക്രട്ടറി Prof മനീഷ് ആർ ജോഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്നു നടന്ന സമാപന സമ്മേളനത്തിലും മാധവനെക്കുറിച്ചുള്ള പഠനങ്ങൾക്കു മേൽനോട്ടം നൽകുന്നതിനു കലാലയത്തെ അഭിനന്ദിച്ചു.

താളിയോലകൾ, പേപ്പർ, മരം, ശില തുടങ്ങി ഏതു തരം എഴുത്തുകളും സംരക്ഷിക്കുകയും പഠനപദ്ധതിയായി വികസിപ്പിക്കുകയും ചെയ്ത സ്ഥാപനമാണ് മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസർവേഷൻ സെന്റർ അഥവാ MRPC. സംഗമഗ്രാമ മാധവൻ നേതൃത്വം കൊടുത്ത പഴയ ജ്യോതിശാസ്ത്ര, ഗണിത പൈതൃകം വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായി ‘The Life & Contributions of Sangamagrama Madhava’ എന്ന പേരിൽ ഈ കേന്ദ്രത്തിന്റെ ഡയറക്ടറും മലയാളവിഭാഗം അദ്ധ്യാപികയുമായ ശ്രീമതി ലിറ്റി ചാക്കോ നടത്തുന്ന ഗവേഷണങ്ങളുടെ ഭാഗമായി നിരവധി നേട്ടങ്ങൾ ഈ സെന്റർ കൈവരിച്ചിരുന്നു.മാധവന്റെ അപ്രകാശിതമായ കൃതി കണ്ടെടുക്കാനും ബ്രിട്ടീഷ് ലൈബ്രറിയുടെ പ്രൊജക്ടിൽ ചേർത്ത് പ്രസിദ്ധീകരിക്കുവാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

സംഗമഗ്രാമമാധവന്റേത് എന്ന് വിശ്വസിക്കപ്പെടുന്ന ഇല്ലത്തു നിന്നും രണ്ടു സുപ്രധാന ശിലാലിഖിതങ്ങളും ലിറ്റി ചാക്കോ വർഷങ്ങൾക്കു മുൻപ് കണ്ടെടുത്തിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു വട്ടെഴുത്ത് ലിഖിതവും പതിനേഴാം നൂറ്റാണ്ടിലെ ഗ്രന്ഥലിപി ലിഖിതവും ആയിരുന്നു അത്. വിവിധ ദേശീയസെമിനാറുകൾ, ബോധവൽക്കരണ പരിപാടികൾ, വാനനിരീക്ഷണ ശില്പശാലകൾ കൂടാതെ, ബന്ധപ്പെട്ട വിഷയങ്ങളിൽ ഹ്രസ്വകാല ഗവേഷണ പദ്ധതികളും ഇതിനോടകം  ഈ  ഗവേഷണകേന്ദ്രം നടത്തിയിട്ടുണ്ട്.

പുരാലിപികളുടെ പരിചയങ്ങളും മാധവന്റെ സംഭാവനകളും സമന്വയിക്കുന്ന ഒരു സ്ക്രിപ്റ്റ് ഗാർഡൻ കലാലയത്തിനു മുൻപിലായി  സ്ഥാപിച്ചിരിക്കുന്നതും ഈ പഠനങ്ങളുടെ വെളിച്ചത്തിലാണ്. ഇദം ന മമ- എന്ന് പേരിട്ടിരിക്കുന്ന ഈ ഹരിതസുന്ദരോദ്യാനം ഇതിനോടകം തന്നെ വലിയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞിട്ടുണ്ട്.

വെള്ളപ്പൊക്കത്തിൽ നനഞ്ഞുപോയ അഞ്ചുലക്ഷത്തോളം രേഖകൾ അക്കാലത്ത് സംരക്ഷിച്ചുനൽകിയിരുന്നത് വാർത്താപ്രാധാന്യം നേടിയിരുന്നു.

പുരാരേഖാപരിപാലനം ഒരു പഠനപദ്ധതിയായി വികസിപ്പിക്കുകയും അത് യൂജിസിയുടെ BVoc സ്‌കീമിൽ ആദ്യ മൂന്നുവര്ഷം എയ്ഡഡ് 

ആയും പിന്നീട് സ്വാശ്രയവിഭാഗത്തിലും നടത്തുകയും ചെയ്തു. മലയാളം & മാനുസ്ക്രിപ്റ്റ് മാനേജ്‌മെന്റ് എന്ന ഈ ബിരുദ പ്രോഗ്രാം കാലിക്കറ്റ് സർവ്വകലാശാലയോടാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ആദ്യബാച്ചുകാർ പലരും നാഷണൽ മാനുസ്ക്രിപ്റ്റ് മിഷനിലും വിവിധ മാനുസ്ക്രിപ്റ്റ് വിഭാഗങ്ങളിലും ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.

അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി, സ്റ്റുഡിയോ, കാറ്റലോഗിങ് രീതികൾ എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്. പഠനത്തിന്റെ ഭാഗമായി വിവിധ തരം മഷികൾ, താളിയോല തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങളിലും കുട്ടികൾ മികവ് പുലർത്തുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേന്ദ്രമന്ത്രിമാർ, വിവിധ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാർ തുടങ്ങി നിരവധിപേർ പങ്കെടുത്തു. പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ, വിവിധ സെമിനാറുകൾ, ചർച്ചകൾ എന്നിവയ്ക്ക് പുറമേ, മികവിന്റെ ചില പ്രവർത്തനങ്ങൾക്ക് കൂടിയും ഇതിൽ വേദിയുണ്ടായിരുന്നു. കോളേജിൽ നിന്നും ലിറ്റി ചാക്കോയോടൊപ്പം പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി, ഡോ. സി. അഞ്ജന എന്നിവർ പങ്കെടുത്തു.

കേരളത്തിൽ നിന്നും ഡൽഹിയിലെ UGC പവലിയനിലേക്ക് ക്ഷണം ലഭിച്ച ഒരേയൊരു സ്ഥാപനവും സെന്റ് ജോസഫ്‌സ് കോളേജ് മാത്രമായിരുന്നു. മണിപ്പാൽ, ബിറ്റ്സ് പിലാനി തുടങ്ങിയ  യൂണിവേഴ്സിറ്റികൾക്കും മറ്റു തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്കും മാത്രമാണ് UGC പവലിയനിൽ ഇടമുണ്ടായിരുന്നത്. നിരവധി പേർ സ്റ്റാൾ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *