കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരണീയ അനുഭവമായി മാറി. കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പൂർവ്വ വിദ്യാർഥി – അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് പ്രായഭേദമന്യേ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നത്. കോണത്തുകുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. നെല്ലിമുറ്റം പ്രസിഡന്റ് എ.വി. പ്രകാശ് അധ്യക്ഷനായി. വാർഡംഗങ്ങളായ കെ.കൃഷ്ണകുമാർ, സിമി റഷീദ് എന്നിവർ ഉപഹാര സമർപ്പണം നടത്തി. പൂർവ്വ വിദ്യാർഥികളായ ഡാവിഞ്ചി സന്തോഷ്, ജിതിൻ രാജ്, അഷ്ബിൻ ബാസിം, അഗ്രജ് എം. രഘുനാഥ്, ടി.കെ.സുബ്രഹ്മണ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നെല്ലിമുറ്റം മുൻ പ്രസിഡന്റ് എം.കെ.മോഹനൻ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് പി.എസ്. ഷക്കീന, എം.എസ്. കാശി വിശ്വനാഥൻ, സലീം അറക്കൽ, ടി.കെ.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. നെല്ലിമുറ്റം സെക്രട്ടറി റഫീക്ക് പട്ടേപ്പാടം സ്വാഗതവും ട്രഷറർ അബ്ദുൽ മജീദ് പുളിക്കൽ നന്ദിയും പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പൂക്കളമൊരുക്കൽ, നാടൻ കായിക മത്സരങ്ങൾ , കലാപരിപാടികൾ, ആദരസമ്മേളനം, ഓണക്കളി എന്നിവ നടന്നു.