ജീര്‍ണ്ണാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടപ്പുര നവീകരിക്കാന്‍ തീരുമാനം. പടിഞ്ഞാറെ ഊട്ടുപുരയില്‍ ചേര്‍ന്ന ദേവസ്വം ഭരണസമിതിയുടേയും ഭക്തജനങ്ങളുടേയും യോഗത്തിലാണ് തീരുമാനം. പടിഞ്ഞാറെ ഗോപുരം നവീകരണ മാതൃകയില്‍ നടപ്പുര നവീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്‍ പടിഞ്ഞാറെ ഗോപുരം നവീകരണ സമിതിയോട് അഭ്യാര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ കൂടിയാലോചിച്ചശേഷം അടുത്തയോഗത്തില്‍ തീരുമാനമറിയിക്കാമെന്ന് അംഗങ്ങള്‍ പറഞ്ഞു. പടിഞ്ഞാറെ നടപ്പുരയുടെ പുനരുദ്ധാരണ പ്രവ്യത്തികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തില്‍ ദേവസ്വം ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. നടപ്പുര നവീകരണത്തിന്റെ വിശദമായ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി ഡിസംബര്‍ 11ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.

ഉത്സവകാലത്ത് പത്ത് ദിവസം 17 ആനകളും നൂറിലേറെ മേളക്കാരും ആയിരക്കണക്കിന് ഭക്തജനങ്ങളും എത്തുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ കിഴക്ക്- പടിഞ്ഞാറ് നടപ്പുരകളുടെ മേല്‍ക്കൂരകള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. മേല്‍ക്കൂര തകര്‍ന്നുവീഴാതിരിക്കാന്‍ പടിഞ്ഞാറെ നടപ്പുര ഓലമേഞ്ഞാണ് നിറുത്തിയിരിക്കുന്നത്. ഇതിന്റെ കേടായ ഉത്തരവും കഴുക്കോലുകളും പട്ടികകളുമടക്കമുള്ളതെല്ലാം മാറ്റി പുതിയത് സ്ഥാപിക്കണം. പല ഉത്തരങ്ങളും ഇപ്പോള്‍ ഇരുമ്പ് പട്ട ഉപയോഗിച്ചാണ് ബലപ്പെടുത്തി നിര്‍ത്തിയിരിക്കുന്നത്. ബലക്ഷയം സംഭവിച്ച തൂണുകള്‍ ബലപ്പെടുത്തുകയും വേണം. കേന്ദ്ര സര്‍ക്കാറിന്റെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുക്കി പണിയാനായിരുന്നു ദേവസ്വം തീരുമാനം. എന്നാല്‍ പദ്ധതിക്ക് അനുമതി കിട്ടാന്‍ വൈകുന്ന സാഹചര്യത്തിലാണ് ഭക്തജനങ്ങളുടെ സഹായത്തോടെ നടപ്പുര പുതുക്കി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഉഷാ നന്ദിനി, ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

May be an image of 2 people and text

Leave a Reply

Your email address will not be published. Required fields are marked *