ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 13 വയസ്സുക്കാരിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ കേസ്സിൽ പ്രതിയായ ചാലക്കുടി സ്വദേശി താമരപ്പറമ്പിൽ റിച്ചി ആന്റണി എന്ന 24 കാരനെ 14 വർഷം തടവിനും 55,000/(അമ്പത്തയ്യായിരം) രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് രവിചന്ദർ സി. ആർ. വിധി പ്രസ്താവിച്ചു.2017 മുതൽ 2019 ഒക്ടോബർ വരെയുള്ള കാലയളവിൽ പലപ്പോഴായി ലൈംഗീകാതിക്രമം ഉണ്ടായത് എന്നാരോപിച്ച് ചാലക്കുടി പോലീസ് ചാർജ്ജ്
ചെയ്ത കേസ്സിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളേയും 18 രേഖകളും ഹാജരാക്കിയിരുന്നു.ചാലക്കുടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ബി. കെ.
അരുൺ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് ഡി. വൈ. എസ്. പി. ആയിരുന്ന സി. ആർ. സന്തോഷ് ആണ്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ.രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.പോക്സോ നിയമത്തിന്റെ 10-ാം വകുപ്പ് പ്രകാരം 5 വർഷം കഠിനതടവിനും 20,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 2 മാസം വെറും തടവിനും കൂടാതെ ഇന്ത്യൻ ശിക്ഷാനിയമം 354 A (1) (i) വകുപ്പ് പ്രകാരം 3 വർഷം കഠിന തടവിനും 10,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 1 മാസത്തെ വെറും തടവും 354 B വകുപ്പ് പ്രകാരം 3 വർഷത്തെ വെറും തടവിനും 10,000/- രൂപ പിഴയും
പിഴയൊടുക്കാതിരുന്നാൽ ഒരു മാസത്തെ വെറും തടവിനും, 354 D വകുപ്പ് പ്രകാരം ഒരു വർഷത്തെ വെറും തടവിനും 5,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ ഒരു മാസത്തെ വെറും തടവിനും 451 വകുപ്പ്
പ്രകാരം 2 വർഷത്തെ വെറും തടവിനും 10,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ ഒരു മാസത്തെ വെറും തടവിനുമാണ് ശിക്ഷിച്ചത്.പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.
