IJKVOICE

കിണറ്റിൽ വീണ ആനയെയും കുട്ടിയാനയെയും രക്ഷിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്. കോതമംഗലം മാമലക്കണ്ടത്തിലാണ് സ്വകാര്യവ്യക്തിയുടെ കിണറ്റിൽ ആനയും കുട്ടിയാനയും വീണത്. കുട്ടമ്പുഴയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആനയെയും കുട്ടിയാനയെയും കരയിലേക്ക് കയറ്റിയത്.

കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി അഞ്ചുക്കുടിയിൽ ഇന്ന് പുലർച്ചെയാണ് ആനയും കുട്ടിയാനയും കിണറ്റിൽ വീണത്. രാവിലെ തോട്ടത്തിലെത്തിയ ആളുകളാണ് ആനകളെ കാണുന്നത് തുടർന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ആഴം കുറഞ്ഞ കിണറായത്കൊണ്ട് തന്നെ രക്ഷാപ്രവർത്തനം സുഖമമായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിലുണ്ടായ പരിഭ്രാന്തിയിൽ ആന രക്ഷാപ്രവർത്തനത്തിനുഭയോഗിച്ച ജെ.സി. ബി യിൽ ഇടിക്കുകയും പിന്നാലെ സമീപത്തുണ്ടായ വനംവകുപ്പ് ഉദ്യോഗസ്ഥനുനേരെ പാഞ്ഞടുക്കുകയും തുമ്പികൈ വീശി ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ഉദ്യോഗസ്ഥന് പരിക്കേറ്റു. എങ്കിലും പരിക്ക് ഗുരുതരമല്ല. തുടർന്ന് ആനയും കുട്ടിയും പ്രാദേശത്ത് അൽപ്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും സുരക്ഷിതമായി തന്നെ തിരികെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അഞ്ചുക്കുടി സ്വദേശിയായ പൊന്നമ്മയുടെ തോട്ടത്തിലെ കിണറിലാണ് ആനയും കുഞ്ഞും വീണത്. പൊന്നമ്മയുടെ കുടുംബം ആനശല്യം കാരണം ഇവിടെ നിന്ന് മാറിതാമസിക്കുകയായിരുന്നു. നിരന്തരം കാട്ടാനശല്യമുള്ള പ്രദേശമാണ് ഇവിടം. നിരവതി കുടുംബങ്ങൾ ഇവിടെ നിന്ന് മാറി താമസിക്കുകയാണ് എന്നാണ് വിവരം. ഇതിന് മുമ്പും ജനവാസമേഖലയിലേക്ക്  ആന എത്തുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.