വീട്ടുമുറ്റത്തേക്ക് പെരുമ്പാമ്പിനെ ചാക്കിൽ കെട്ടിയെറിഞ്ഞെന്ന പരാതിയുമായി പഞ്ചായത്തഗം. പത്തനംതിട്ട ചെന്നീർക്കരയിലാണ് സംഭവം. പത്തനംതിട്ട ചെന്നീർക്കരയിലെ ആറാം വാർഡ് അംഗമായ ബിന്ദുവിന്റെ വീട്ടുമുറ്റത്തേക്കാണ് പെരുമ്പാമ്പിനെ വലിച്ചെറിഞ്ഞത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തിയതായി നാട്ടുകാർ പഞ്ചായത്ത് അംഗത്തിനെ വിളിച്ചറിയിച്ചു. ഉടനെ തന്നെ ബിന്ദു ടി ചാക്കോ വനം വകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് അധികൃതർ പ്രദേശത്തെത്തിയപ്പോൾ പെരുമ്പാമ്പിനെ കണ്ടെത്തനാവത്തതിനെ തുടർന്ന് ബിന്ദുവിനെ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് നാട്ടുകാരെ വിളിച്ചപ്പോഴാണ് ആരോ പാമ്പിനെ ചാക്കിലാക്കി തന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച വിവരം ബിന്ദു അറിയുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതർ ഹിന്ദുവിന്റെ വീട്ടിലെത്തി പെരുമ്പാമ്പിനെ പിടികൂടി. സംഭവത്തിൽ ഇലവുതിട്ട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. വിഷയത്തിൽ നടപടി ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും ബിന്ദു ടി ചാക്കോ പറഞ്ഞു.