IJKVOICE

ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പൂർവ്വ വിദ്യാർത്ഥിയും കരുവന്നൂർ പുത്തൻ തോട് സ്വദേശി യുമായ ഹൃഷികേശ് ജയന് ശൗര്യചക്ര

ഇരിങ്ങാലക്കുട: ഒന്നാംക്ലാസ് മുതൽ ഋഷികേശിന്റെ സ്വപ്നം പൈലറ്റാകണമെന്നതായിരുന്നു. 12-ാം ക്ലാസുവരെ ഈ സ്വപ്നവുമായി മുന്നോട്ടുപോയി. വെള്ളിയാഴ്ച വ്യോമസേനയ്ക്കും നാടിനും അഭിമാനമായി രാഷ്ട്രപതിയിൽനിന്ന് ഈ 25-കാരൻ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങും.

കരുവന്നൂർ പുത്തൻതോട് സ്വദേശിയും എയർഫോഴ്‌സ് ഓഫീസറുമാണ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ഋഷികേഷ് ജയൻ. 2023 മേയ് 24-ന് ഔദ്യോഗിക പരിപാടിക്കായി പോയി സേനാംഗങ്ങളുമായി മടങ്ങവേയുണ്ടായ അപകടത്തിൽനിന്ന് സേനാംഗങ്ങളേയും വിമാനവും രക്ഷിച്ചതിനാണ് ഋഷികേശിന് ശൗര്യചക്ര സമ്മാനിക്കുന്നത്.

അപകടസമയത്ത് പുലർത്തിയ അസാധാരണമായ ധൈര്യവും ജോലിയോടുള്ള കൂറും മറ്റും കണക്കിലെടുത്താണ് ശൗര്യചക്ര ബഹുമതി സമ്മാനിക്കുന്നത്.

പൈലറ്റ് പരിശീലനത്തിനും മറ്റുമുള്ള ഭാരിച്ച ചെലവുകൾ തിരിച്ചറിഞ്ഞാണ് പ്ലസ്ടു പരീക്ഷയ്ക്ക് പിന്നാലെ എൻ.ഡി.എ. പ്രവേശനപരീക്ഷയെഴുതാൻ ഋഷികേശ് തീരുമാനിച്ചതെന്ന് അച്ഛനമ്മമാർ പറയുന്നു. ആദ്യശ്രമംതന്നെ വിജയം കണ്ടു. പുണെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം നേടി. 2020-ലാണ് എയർഫോഴ്‌സിൽ ചേർന്നത്. ഇപ്പോൾ ഡൽഹിയിലാണ്.

ദുബായിലെ ഇന്ത്യൻ ഹൈസ്‌കൂളിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലുമാണ് ഋഷികേശ് പഠിച്ചത്. പഠനത്തോടൊപ്പം അത്‌ലറ്റിക്സിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വായനയും യാത്രയുമാണ് മറ്റ് താത്പര്യങ്ങൾ.

ബുധനാഴ്ച ഉച്ചയോടെയാണ് ശൗര്യചക്ര ലഭിച്ച വിവരം സേനാ നേതൃത്വം വഴി ഋഷികേശ് അറിയുന്നത്. തുടർന്ന് ഇക്കാര്യം വീട്ടിൽ വിളിച്ചറിയിച്ചു. മകന്റെ നേട്ടത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുംബൈ ബാബ ആറ്റോമിക് റിസർച്ച് സെന്ററിലെ മുൻ ഉദ്യോഗസ്ഥനായ അച്ഛൻ കറുത്തേടത്ത് ജയനും അധ്യാപികയായ അമ്മ നിഷയും പറഞ്ഞു. കുസാറ്റിൽ ബി.ബി.എ. എൽ.എൽ.ബി.ക്ക് പഠിക്കുന്ന അഷിതയാണ് ഋഷികേശിന്റെ സഹോദരി.