കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം. ചൊവ്വാഴ്ച്ച വൈകിട്ട് 4.45 നാണ് ജോഷി മന്ത്രിയുടെ അറിയിപ്പനുസരിച്ച് ബാങ്കിൽ എത്തിയത്. എന്നാൽ ബാങ്ക് ജീവനക്കാർക്ക് ഇതെ കുറിച്ച് അറിവൊന്നും ഇല്ലായെന്നാണ് മറുപടി ലഭിച്ചത്. നിക്ഷേപ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടേ പോകുന്നുള്ളു എന്ന തീരുമാനത്തിൽ ജോഷി ബാങ്കിൽ തുടർന്നോടെ ബാങ്ക് സമയം കഴിഞ്ഞിട്ടും ജീവനക്കാർക്ക് ഓഫീസ് അടക്കാൻ സാധിക്കാത്ത അവസ്ഥയിലായി. പിന്നിട് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രാകേഷ് കെ.ആറിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹവുമായി ഏറെ നേരം ചർച്ചയിൽ ജോഷിയുടെ പേരിൽ ഉള്ള നിക്ഷേപതുക തിരികെ നൽകാൻ ധാരണയായെങ്കിലും കുടുംബാംഗങ്ങളുടെ പേരിൽ ഉള്ള തുകയടക്കം തിരികെ വേണമെന്ന നിലപാടിൽ ജോഷി ഉറച്ച് നിൽകുകയായിരുന്നു. ജോഷിയുടെ പേരിൽ ഉള്ള തുക ലഭിക്കുന്നതോടെപ്പം കുടുംബാംഗങ്ങളുടെ പേരിലുള്ള തുക മൂന്ന് മാസത്തിനകം നൽകാം എന്ന വാഗ്ദാനം എഴുതി നൽകണമെന്ന ജോഷിയുടെ ആവശ്യത്തെ തുടർന്ന് ചർച്ച പ്രതിസന്ധിയിലാവുകയായിരുന്നു.ആഴ്ച്ചകൾക്ക് മുൻപാണ് ബാങ്കിലെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയ്ക്കും സർക്കാരിനും ജോഷി നിവേദനം നൽകിയിരുന്നു. തലയിൽ ട്യൂമർ ബാധിച്ച് 20 ഓളം ഓപറേഷനുകൾ നടത്തിയ വ്യക്തിയാണ് ജോഷി. കുടുംബാംഗങ്ങളുടെ അടക്കം 90 ലക്ഷത്തോളം രൂപയാണ് ജോഷിയുടെ നിക്ഷേപ തുക.

Leave a Reply

Your email address will not be published. Required fields are marked *