ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട

44.7 കോടി രൂപയുടെ

വിവിധ പദ്ധതികൾ:

മന്ത്രി ഡോ. ആർ ബിന്ദു

—————————

2024-25 സംസ്ഥാന ബജറ്റിൽ ഇരിങ്ങാലക്കുട മണ്ഡലത്തിന് തിളക്കമാർന്ന പദ്ധതികളാണ് ലഭിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എയുമായ ഡോ. ആർ ബിന്ദു പറഞ്ഞു. 44.7 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ഈ വർഷത്തെ ബജറ്റിൽ ഇരിങ്ങാലക്കുടയ്ക്ക് അനുവദിച്ചിരിക്കുന്നത്.

കൃഷി, വ്യവസായം, ആരോഗ്യം, ഭിന്നശേഷി പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ മണ്ഡലത്തിന്റെ ചിരകാല സ്വപ്ന പദ്ധതികളാണ് ബജറ്റിൽ തുക അനുവദിച്ചതോടെ യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്.

കാട്ടൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് വിവിധ സർക്കാർ ആവശ്യങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാകാൻ ആധുനിക സൗകര്യങ്ങളോടെ മിനിസിവിൽ സ്റ്റേഷൻ നിർമ്മിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നിലവിൽ പഞ്ചായത്ത് ഓഫീസും അതിനോടു ചേർന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ആവശ്യമെങ്കിൽ ഇതര സർക്കാർ സ്ഥാപനങ്ങളും സിവിൽ സ്റ്റേഷന്റെ ഭാഗമാക്കും.

ഭിന്നശേഷി പുനരധിവാസ മേഖലയിൽ രാജ്യത്തു തന്നെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായ കല്ലേറ്റുംകരയിലെ നിപ്മറിന് 12.5 കോടി രൂപയും പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന് 16.2 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. പൂമംഗലം, വേളൂക്കര പഞ്ചായത്തുകളെ നഗരസഭയുമായി ബന്ധിപ്പിക്കുന്ന കളത്തുംപടി പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണത്തിനായി 2 കോടി രൂപയും വെള്ളാനി പുളിയംപാടത്തിന്റെ സമഗ്ര വികസനത്തിനായി 3 കോടിരൂപയും കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻറെ നവീകരണത്തിനായി 1 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.

ഇവകൂടാതെ ഇരിങ്ങാലക്കുട സാംസ്‌കാരിക സമുച്ചയം, പൊറത്തിശ്ശേരി കണ്ടാരംതറയിൽ മിനി ഇൻഡോർ സ്റ്റേഡിയം, കൊരിമ്പിശേരിയിൽ അഗ്രോപാർക്ക്, പുല്ലൂർ-ഊരകം- കല്ലംകുന്ന് റോഡ് നവീകരണം, കെ എൽ ഡി സി കനാൽ-ഷൺമുഖം കനാൽ സംയോജനം, ആളൂരിൽ കമ്മ്യൂണിറ്റി ഹാൾ, താണിശ്ശേരി കെ എൽ ഡി സി കനാലിൽ ബോട്ടിംഗ്, ഓപ്പൺ ജിം, താണിശ്ശേരി കെ എൽ ഡി സി കനാലിൽ ബണ്ട് പുനരുദ്ധാരണം, ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയർത്തി കാന നിർമ്മാണം, സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുട, താണിശ്ശേരി ശാന്തിപാലം വീതികൂട്ടി പുനർനിർമ്മാണം, കാറളം ആലൂക്കകടവ്, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട മുതൽ പൂച്ചക്കുളം വരെയുള്ള റോഡ് നവീകരണം, കടുപ്പശ്ശേരിയിൽ സാംസ്‌കാരിക സമുച്ചയം, നന്തി ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്- മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *