IJKVOICE

‘ടിൻക് ഹെർ ഹാക്ക് ‘ : ശ്രദ്ധേയമായി വനിതാ ഹാക്കത്തോൺ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ടെക് ഫെസ്റ്റിനോട് അനുബന്ധിച്ച് പെൺകുട്ടികൾക്ക് മാത്രമായി സംഘടിപ്പിച്ച ഹാക്കത്തോൺ ശ്രദ്ധേയമായി. ടിങ്കർ ഹബ്ബ്, ഐ ട്രിപ്പിൾ ഇ, ജോബിൻ ആൻഡ് ജിസ്മി ഐ ടി സർവീസസ് എന്നിവയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗമാണ് ഹാക്കത്തോൺ സംഘടിപ്പിച്ചത്.

ജോബിൻ ആൻഡ് ജിസ്‌മി കോ ഫൗണ്ടർ ജിസ്മി ജോബിൻ ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണുകൾ ഒരുക്കുന്ന വിർച്വൽ ലോകത്ത് നിന്ന് ഇറങ്ങി വന്ന്, യഥാർത്ഥ ലോകത്തെ സാങ്കേതിക പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് അവർ അഭിപ്രായപ്പെട്ടു. എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഡോ. വിൻസ് പോൾ, ഡോ. എ എൻ രവിശങ്കർ എന്നിവർ പ്രസംഗിച്ചു.

വിവിധ റൗണ്ടുകളിലായി പന്തണ്ട് മണിക്കൂറോളം നീണ്ടു നിന്ന ഹാക്കത്തോൺ വിദ്യാർഥിനികളുടെ സാങ്കേതിക മികവ് പുറത്തെടുക്കാനുള്ള വേദിയായി. അസിസ്റ്റൻ്റ് പ്രഫസർ മാഗ്നിയ ഡേവിസ് വിദ്യാർത്ഥികളായ കെ എസ് റിഫാന, മരിയ ഷാജി എന്നിവർ നേതൃത്വം നൽകി. വിവിധ കോളേജുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു.