IJKVOICE

കല്ലേറ്റുംകര: നേപ്പാളി പെണ്‍കുട്ടിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എപ്ലസ്. കല്ലേറ്റുംകര ബി.വി.എം.എച്ച്.എസ്. സ്‌കൂളിലെ വിനീത വിശ്വകര്‍മ്മ എന്ന കുട്ടിക്കാണ് എല്ലാ വിഷയത്തിലും എപ്ലസ് നേടിയത്.

കല്ലേറ്റുംകര ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളിലെ മിഠായി കമ്പനിയില്‍ ജീവനക്കാരനായ നേപ്പാള്‍ സുര്‍ക്കിത്ത് സ്വദേശി ബാല്‍ ബഹദൂറിന്റേയും പൂജയുടേയും മൂന്നുമക്കളില്‍ മൂത്തവളാണ് വിനീത. എസ്റ്റേറ്റിന് സമീപം ചെറിയ വാടക വീട്ടിൽ വളരെ പരിമിതമായ ചുറ്റുപാടിലാണ് വിനീതയും കുടുംബവും ജീവിക്കുന്നത്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന വിനിത ഐ.ജെ.എല്‍.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. അധ്യായന വര്‍ഷം ആരംഭത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയതായിരുന്നു വിനീതയുടെ കുടുംബം. എന്നാല്‍ അധ്യാപകര്‍ നല്‍കിയ സഹായത്തെ തുടര്‍ന്നാണ് വിനീതയും സഹോദരങ്ങളും പഠനം തുടര്‍ന്നത്. വിനീത പഠനത്തില്‍ മാത്രമല്ല, ന്യത്തത്തിലും മികവ് പുലര്‍ത്തുന്ന കുട്ടിയാണെന്ന് അധ്യാപകര്‍ പറഞ്ഞു. ഉപജില്ലാ കലോത്സവത്തിലടക്കം പങ്കെടുത്ത് എഗ്രേഡ് വാങ്ങിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഹോദരങ്ങളായ വിശാല്‍ ഏഴില്‍ ബി.വി.എം. എച്ച്.എസ്സിലും ഇളയ സഹോദരി ജാനകി തൊട്ടടുത്തുള്ള ഐ.ജെ.എല്‍.പി.എസ്സിലുമാണ് പഠിക്കുന്നത്.