ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ പദവി സ്വയം ഒഴിഞ്ഞ് സിനിമാ നടൻ ഇടവേള ബാബു നഗരസഭയ്ക്ക് കത്ത് നൽകി. ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയിൽ നിന്നും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു നഗരസഭയ്ക്ക് കത്ത് നൽകുകയായിരുന്നു.മൂന്ന് വർഷങ്ങൾക്ക് മുമ്പ് നഗരസഭ കൗൺസിലാണ് ഇടവേള ബാബുവിനെ ശുചിത്വമിഷൻ അംബാസിഡറായി പ്രഖ്യാപിച്ചത്.ലൈംഗിക പീഡന ആരോപണം നേരിടുന്ന ഇടവേള ബാബുവിനെ ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വമിഷൻ അംബാസിഡർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ ഷിയാസ് പാളയംകോടും ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ടയും നഗരസഭ അധികൃതർക്ക് കത്ത് നൽകിയിരുന്നു. ആരോപണങ്ങൾ നിയമപരമായി നേരിടുകയാണെന്നും നഗരസഭയ്ക്ക് കളങ്കം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഇരിങ്ങാലക്കുട സ്വദേശിയായ നടൻ നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു.