IJKVOICE

യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

വെങ്ങിണിശ്ശേരി ശങ്കരമംഗലത്ത് കാരപ്പുള്ളി വീട്ടിൽ വിഷ്ണുവിനെ(28) വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈക്ക് ആഴത്തിൽ പരുക്കേറ്റ ഇയാളുടെ പിതാവ് രാമചന്ദ്രനെ(56)പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പണിക്കാരായ രാമചന്ദ്രനും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ രാമചന്ദ്രൻ ബഹളം വച്ചതിനെ തുടർന്ന് അയൽക്കാർ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തി. ആ സമയം രാമചന്ദ്രന്റെ ഇടതു കൈ തണ്ടയിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്നു പോകുന്ന നിലയിലായിരുന്നു. മകൻ വിഷ്ണു വീടിനകത്തെ മുറിയിൽ മരിച്ചു കിടക്കുന്നുണ്ടെന്ന് ഇയാൾ പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കൈക്ക് പരുക്കേറ്റ് അമിതമായി രക്തം വാർന്നു പോയിരുന്ന രാമചന്ദ്രനെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിലാക്കി. സംഭവത്തെ കുറിച്ച് രാമചന്ദ്രൻ പൊലീസിനോട് പറഞ്ഞത് ഇങ്ങിനെയാണ്. രാവിലെ 11 കഴിഞ്ഞിട്ടും വിഷ്ണു എണീക്കാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോൾ മകൻ മുറിക്കകത്തെ ഫാനിൽ തൂങ്ങി മരിച്ചു നിൽക്കുന്നതാണ് കണ്ടത്. മകനെ ഫാനിൽ നിന്ന് ഇറക്കാനുള്ള ശ്രമത്തിനിടയിൽ ജനവാതിലിന്റെ ചില്ലിൽ തട്ടിയാണ് കൈ മുറിഞ്ഞതെന്നും ഇയാൾ പറയുന്നു. എന്നാൽ വിഷ്ണു തുങ്ങി മരിച്ചതിൻ്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും തങ്ങൾ എത്തുമ്പോൾ കിടക്കയിൽ വിഷ്ണു കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നെന്നും വിഷ്ണുവിൻ്റെ ദേഹത്ത് രക്തം കണ്ടതായും ആദ്യ പരിശോധയിൽ ദേഹത്ത് പരുക്കുകൾ കണ്ടില്ലെന്നും പൊലീസ് പറഞ്ഞു. വീടിന് മുൻവശത്തെ ചിവിട്ടു പടിയിൽ രക്തം തളം കെട്ടി കിടന്നിരുന്നു. ഫോറൻസിക്ക് വിദഗ്തർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദ്ദേഹം പോസ്റ്റ്മോർട്ടം ചെയ്താലേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. രാമചന്ദ്രൻ ആശുപത്രിയിൽ പൊലീസിൻ്റെ നിരീക്ഷണത്തിലാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇൻസ്പെക്ടർ കെ.ഒ.പ്രദീപ് പറഞ്ഞു. മരിച്ച വിഷ്ണുവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്