IJKVOICE

ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ ദേശവിളക്ക്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തിയുടെ നിറവിൽ ആഘോഷിച്ചു. വെളുപ്പിന് 3.30ന് നടതുറപ്പ്, നിർമാല്യ ദർശനം തുടർന്ന് ശാസ്താവിന് 108 കരിക്കഭിഷേകം, 5ന് ശ്രീലകത്ത് നെയ് വിളക്ക്, ചന്ദനം ചാർത്ത്, ചുറ്റുവിളക്ക്, നിറമാല, വിശേഷാൽ പൂജകൾ എന്നിവയോടെയാണ് ദേശവിളക്ക് പരിപാടികൾ ആരംഭിച്ചത്.

തുടർന്ന് 6ന് അഞ്ചമ്പല നിർമ്മാണത്തിനുള്ള കാൽനാട്ടുകർമ്മം നടന്നു. ക്ഷേത്രഗോപുരത്തിനു മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് വാഴപ്പിണ്ടികൾ കൊണ്ട് മനോഹരമായ അഞ്ച് അമ്പലങ്ങൾ നിർമ്മിച്ചത്. ശാസ്താപ്രതിഷ്ഠക്ക് അഭിമുഖമായിട്ടാണ് അയ്യപ്പസ്വാമിയുടെ താല്ക്കാലിക അമ്പലം നിർമ്മിച്ചത്. മാളികപ്പുറത്തമ്മ, വാവരുസ്വാമി, കൊച്ചുകടുത്ത സ്വാമി, കരിമല ശാസ്താവ് എന്നിവർക്കാണ് മറ്റു അമ്പലങ്ങൾ. ആറാട്ടുപുഴ ശ്രീശാസ്താ ഉടുക്കു പാട്ടുസംഘമാണ് അഞ്ചമ്പല നിർമ്മാണവും അയ്യപ്പൻ പാട്ടും നിർവ്വഹിച്ചത്.

വൈകുന്നേരം 5.30ന് ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിഞ്ഞു. ദേശവിളക്ക് പന്തലിൽ 6.30ന് മുളങ്കുന്നത്ത്കാവ് രഞ്ജിത് നമ്പ്യാരും

കോതോർ വിഷ്ണു വാര്യരും അവതരിപ്പിച്ച തായമ്പക അരങ്ങേറി.

വൈകുന്നേരം 7ന് ഞെരൂക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് എഴുന്നെള്ളിപ്പ് ആരംഭിച്ചു. സർവ്വാലങ്കാര വിഭൂഷിതനായ ഗജവീരന്റെ പുറത്ത് എഴുന്നെള്ളിയ അയ്യപ്പസ്വാമിക്ക് ഗുരുവായൂർ ഹരിയും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കൊമ്പത്ത് ചന്ദ്രനും സംഘവും അവതരിപ്പിച്ച നാദസ്വരം, ആറാട്ടുപുഴ ശ്രീശാസ്താ ഉടുക്കു പാട്ടുസംഘത്തിന്റെ കിയ്യത്ത് കോരൻ നയിച്ച ഉടുക്കു പാട്ട്, പെരിഞ്ഞനം കതിർവേൽ കാവടിചിന്ത് നയിച്ച ചിന്ത്പാട്ട്,

താലമേന്തിയ അംഗനമാർ എന്നിവ അകമ്പടിയേകി. ഗൃഹപരിസരത്തെത്തിയ എഴുന്നെള്ളിപ്പിനെ ഭക്തർ തോരണങ്ങൾ ചാർത്തിയും നിലവിളക്കും നിറപറകളും സമർപ്പിച്ചും ആദരിച്ച് പൂജിച്ച് വരവേറ്റു. ആറാട്ടുപുഴ ക്ഷേത്രത്തിൽ എത്തിച്ചേർന്ന എഴുന്നെള്ളിപ്പിനെ കർപ്പൂര ദീപങ്ങളാൽ പ്രശോഭിതമായ പന്തലിൽ ആചാരാനുഷ്ഠാനങ്ങളോടേയും നിറപറകളോടേയും സ്വീകരിച്ചു. തുടർന്ന് പ്രസാദ ഊട്ട് നടന്നു. 11 മുതൽ അയ്യപ്പൻ പാട്ട്. വെളുപ്പിന് 4 മണിക്ക് ഏഴുകണ്ടം അതിർത്തിയിൽ നിന്നും പാൽക്കിണ്ടി എഴുന്നെള്ളിച്ചു. തുടർന്ന് അയ്യപ്പസ്വാമിയും വാവരും തമ്മിലുള്ള വെട്ടും തടയോടും കൂടി ദേശവിളക്കിന് സമാപനം കുറിച്ചു.