IJKVOICE

തലയടിച്ച് വീണ അധ്യാപകൻ മരിച്ചു

മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്ത് തള്ളിയതോടെ നിലത്ത് തലയടിച്ച് വീണ അധ്യാപകൻ മരിച്ചു. തൃശൂർ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനായ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി 55 വയസ്സുള്ള അനിൽ ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ചൂലിശ്ശേരി സ്വദേശി രാജരാജനെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന തൃശൂർ സംഗീത നാടക അക്കാഡമി കോമ്പൗണ്ടിൽ വെച്ച് ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. രാത്രി സംഗീത നാടക്കാദമിക്ക് തൊട്ടപ്പുറത്തുള്ള കെ ടി ഡി സി ബീർ പാർലറിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് ഇരുവരും അക്കാദമി കോമ്പൗണ്ടിലേക്ക് എത്തിയത്. ഇവിടെവെച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു.. ഇതിനിടെ രാജരാജൻ അനിലിനെ തള്ളിയതോടെ അനിൽ തലയടിച്ച് നിലത്ത് വീണു. ഉടൻതന്നെ അനിലിനെ തൃശ്ശൂർ അശ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാജരാജനെ തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അനിലിന്റെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയാണെങ്കിൽ കൊലപാതകം അടക്കമുള്ള വകുപ്പുകൾ രാജരാജനെതിരെ ചുമത്തുമെന്ന് പോലീസ് അറിയിച്ചു