IJKVOICE

കെ എസ് ടി പി റോഡ് നിർമ്മാണം

കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കാൻ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി – മന്ത്രി ഡോ ആർ ബിന്ദു

കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡിൽ കെ എസ് ടി പി നിർമ്മാണം മൂലം നേരിടുന്ന കുടി വെള്ള ക്ഷാമം ഉടൻ പരിഹരിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായി.

നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിലെ പൈപ്പുകൾ മാറ്റിയിട്ട സ്ഥലങ്ങളിൽ പുതിയ പൈപ്പിലേക്ക് ഇൻ്റർ ലിങ്ക് ചെയ്തും പൈപ്പുകൾ സ്ഥാപിക്കാൻ ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പുത്തൻതോട് വരെയുള്ള റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനുകളിൽ നിന്നുമുള്ള ജലവിതരണത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഉടൻ ശാശ്വത പരിഹാരമാകും.

കെ എസ് ടി പി യുടെ നിർമ്മാണ പ്രവർത്തികളും വാട്ടർ അതോറിറ്റിയുടെ ജലവിതരണവും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള തീരുമാനങ്ങൾ ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥർ തമ്മിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണയിലായി.

ഇതോടൊപ്പം പൂതംകുളം മുതൽ ചന്തക്കുന്ന് വരെയുള്ള നിർമ്മാണ പ്രവർത്തികൾക്ക് മുമ്പായി നടത്തേണ്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗിനെക്കുറിച്ചും യോഗത്തിൽ തീരുമാനമായി. വ്യാപാരികൾ മുന്നോട്ടുവച്ച ആശങ്കകൾ കൂടി പരിഹരിച്ചായിരിക്കും പൂതംകുളം മുതൽ ചന്തക്കുന്ന് വരെയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു.

യോഗത്തിൽ കെ എസ് ടി പി ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ , നിർമ്മാണകമ്പനിയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.