തൃശൂരിൽ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് തൃശൂരിൽ അറസ്റ്റിലായത്.കഴിഞ്ഞ 14നായിരുന്നു സംഭവം. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് ഇയാൾ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂരിൽ ബസിറങ്ങിയ യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 2023ൽ സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് നെടുമ്പാശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവേ തൊട്ടടുത്തിരുന്ന നടിയും മോഡലുമായ യുവതിക്ക് നേരെയും ഇയാൾ സമാനമായ രീതിയിൽ ലൈംഗിക അതിക്രമം നടത്തിയിരുന്നു. തുടർന്ന് യുവതി സംഭവം മൊബൈലിൽ ചിത്രീകരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.പിടിക്കപ്പെട്ടപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ച സവാദിനെ കണ്ടക്ടർ പിടികൂടുകയായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് ആൾ കേരള മെൻസ് അസോസിയേഷൻ സംഘടനയുടെ നേതൃത്വത്തിൽ പൂമാലയിട്ട് സ്വീകരണം നൽകിയ സംഭവം ഏറെ വിവാദമായിരുന്നു