IJKVOICE

പ്ലസ് ടൂ വിദ്യാർത്ഥി വൈഷ്ണവിന് അടച്ചുറപ്പുള്ള വീടായി

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയായ വൈഷ്ണവിന് സ്വപ്നസാക്ഷാത്കാരമായി അടച്ചുറപ്പുള്ള വീട്. കൂലിപ്പണിക്കാരനായ അമ്മയോടൊപ്പം അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്ന വൈഷ്ണവിൻ്റെ ദുരവസ്ഥ ക്ലാസ് ടീച്ചർ മുഖേന അറിഞ്ഞതോടെയാണ് സ്കൂൾ അധികൃതർ ‘വിദ്യാർത്ഥിക്ക് ഒരു വീട്’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയത്.

സ്കൂളിലെ പ്രധാന അധ്യാപകൻ്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും സഹായം തേടി. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ്, ഇരിങ്ങാലക്കുട വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ, ക്രൈസ്റ്റ് കോളേജ് തവനിഷ് സംഘടന, മനോജ് തൈവളപ്പിൽ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചു നൽകിയത്.

വീടിൻ്റെ താക്കോൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വൈഷ്ണവിനും കുടുംബത്തിനും കൈമാറി.

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കവിത സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ എം.കെ. മുരളി, പി.ടി.എ. പ്രസിഡൻ്റ് വി. ഭക്തവത്സലൻ, പഞ്ചായത്തം​ഗം ടി.എ. സന്തോഷ്, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബിജു ജോസ് കൂനൻ, ലയൺസ് ക്ലബ് ലേഡി പ്രസിഡൻ്റ് ഡോ. ശ്രുതി ബിജു, ഇരിങ്ങാലക്കുട വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ രക്ഷാധികാരി കെ.വി. ശശീന്ദ്രൻ, സെൻ്റ് ജോസഫ് കോളേജ് മുൻ ഹിന്ദി എച്ച്.ഒ.ഡി. സിസ്റ്റർ റോസ് ആൻ്റോ, മുൻ കായിക അധ്യാപകൻ ലാലു മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി ഭരത് കുമാർ പി, മുൻ പി.ടി.എ. പ്രസിഡൻ്റ് വി.ആർ. ബിനോയ്, സ്റ്റാഫ് സെക്രട്ടറി സി.പി. ഷാജി എന്നിവർ പങ്കെടുത്തു