ചാലക്കുടി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അവശനിലയിലായ ഡ്രൈവറെ സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച് ചാലക്കുടി പോലീസ് സംഘം. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സഹായിച്ചു.
കഴിഞ്ഞ ദിവസം (28.10.2025) വൈകുന്നേരം ചാലക്കുടി പനമ്പിള്ളി കോളേജ് പാപ്പാളി ജംഗ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീവ്, സി.പി.ഒ മാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് ഓടിയെത്തിയത്. തന്റെ ഭർത്താവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സ്ത്രീ അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ജി.എസ്.ഐ. ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീഫ് ഖാൻ, സി.പി.ഒ. മാരായ അമൽ, ജിജോ എന്നിവർ ഹൈവേയുടെ മറുവശത്തെ കാറിനടുത്തേക്ക് ഓടിയെത്തുകയും ഒരു നിമിഷം പോലും പാഴാക്കാതെ, രോഗിയെ കാറിൽ കയറ്റി. ജി.എസ്.ഐ. ഉണ്ണികൃഷ്ണൻ തന്നെ അവരുടെ വാഹനം ഓടിച്ച് അടുത്തുള്ള പോട്ട ധന്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ അടിയന്തര ചികിത്സ നൽകിയതിലൂടെ രോഗിയുടെ ജീവൻ രക്ഷിക്കാനായി. നിലവിൽ രോഗി സുഖം പ്രാപിച്ച് വരുന്നു.
പോലീസ് സംഘത്തിന്റെ ഈ മാതൃകാപരമായ ഇടപെടലിന് രോഗിയും ബന്ധുക്കളും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
“പോലീസിന്റെ യഥാർത്ഥ സേവനം ജനങ്ങളോടൊപ്പമാണ്; ഒരു മനുഷ്യജീവൻ രക്ഷിക്കാനായാൽ അതാണ് ഏറ്റവും വലിയ ബഹുമതി”യെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ് സംഘം അറിയിച്ചു