സംസ്കാരസാഹിതി പുരസ്കാരങ്ങൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: നഗരവികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തിൽ മികച്ച നിർദ്ദേശങ്ങൾ നൽകിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങൾക്ക് സെൻറ് ജോസഫ്സ് കോളേജ് അധ്യാപിക ശ്രുതി ദീപക്, ഐ ടി ജീവനക്കാരനായ മന്ത്രിപുരം സ്വദേശി സിജു ബേബി എന്നിവർ അർഹരായി. വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിർദ്ദേശങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് ബിജു പോൾ അക്കരക്കാരൻ, ഷൈനി പനോക്കിൽ, ഫ്രാൻസിസ് പുല്ലോക്കാരൻ, കെ ജി ഉണ്ണികൃഷ്ണൻ, ജോമോൻ മണാത്ത്, ലിജോ ജോസ് കാങ്കപ്പാടൻ എന്നിവർ അർഹരായി. ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ ഞായറാഴ്ച വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ ഉദ്ഘാടനം ചെയ്തു.കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി സമ്മാനദാനം നിർവഹിച്ചു. സംസ്കാരസാഹിതി മണ്ഡലം ചെയർമാൻ അഡ്വ.ജോൺ നിധിൻ തോമസ് സ്വാഗതവും ഭരതൻ പൊന്തേങ്കണ്ടത്ത് നന്ദിയും പറഞ്ഞു. മുനിസിപ്പൽ കൗൺസിലർ ഫെനി എബിൻ ,A.C സുരേഷ് എന്നിവർ ആശംസകൾ ഏകി സംസാരിച്ചു. സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഋത്വിക റൂബിൻ, എംഎസ്സ്സി ഫോറൻസിക് സയൻസിൽ രണ്ടാം റാങ്ക് നേടിയ വിസ്മയ സുനിൽ, ചെണ്ടമേളത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയ ശ്രീപാർവതി, തൃശ്ശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കലാതിലകമായ വൈഗ സജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നൃത്തഗാനസന്ധ്യ സംഘടിപ്പിച്ചു