ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡ് മുൻ കൗൺസിലർ നസീമ കുഞ്ഞുമോൻ കഠിന പ്രയത്നത്തിലൂടെ തൻ്റെ ചിരകാല അഭിലാഷമായ ഏവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കി. കരുവന്നൂർ വലിയ പാലത്തിന് സമീപം മൂർക്കനാട് ബണ്ട് റോഡിൽ ഉള്ളുവളപ്പിൽ കുഞ്ഞുമോൻ്റെ ഭാര്യയാണ് സജീവ പൊതുപ്രവർത്തക കൂടിയായ നസീമ കുഞ്ഞുമോൻ. മെയ് 2 മുതൽ 10 ദിവസം കൊണ്ട് 65 കിലോമീറ്റർ ദുർഘട പാതകൾ പിന്നീട്ടും മൈനസ് ഡിഗ്രിയിലുള്ള പ്രതികൂല കാലവസ്ഥ തരണം ചെയ്തുമാണ് നസീമ കുഞ്ഞുമോൻ ഉൾപ്പെടെയുള്ള 20 അംഗ സംഘം എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി തങ്ങളുടെ ദൗത്യം പൂർത്തീകരിച്ച് തിരിച്ചെത്തിയത്.നിരവധി ശാരീരിക ക്ഷമത പരിശീലനങ്ങൾക്കും ടെസ്റ്റുകൾക്കും ശേഷം ബംഗ്ലൂരിൽ നിന്ന് വിമാന മാർഗം നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി, ബസ് മാർഗം കൽക്കയിലും അവിടുന്ന് കുഞ്ഞൻ വിമാനത്തിൽ ലുക്ള എന്ന സ്ഥലത്തെത്തിയ ശേഷമാണ് എവസ്റ്റ് കീഴടക്കാനാനുള്ള നടത്തം ആരംഭിക്കുന്നത്. പരിശീലനം ലഭിച്ച ഗൈഡിൻ്റെ സഹായത്തിൽ ഓരോ ദിവസവും 10 ഓളം കിലോമീറ്റർ കാൽനടയായി താണ്ടിയാണ് ഹിമാലയൻ പർവ്വത നിരകളുടെ ലക്ഷ്യത്തിലേക്ക് എത്തേണ്ടത്.കൽക്ക,ലുക്ല ,ഫക്ഡിങ് ,നാംചെ ബസാർ, ടെങ് ബൊച്ചേ, ഡെങ് ബൊച്ചേ, ലബുച്ചേ(4950m) , ഗോരാക്ഷേപ് (5180m) എന്നീ സ്ഥലങ്ങൾ ഇടതാവളങ്ങൾ ആക്കിയാണ് യാത്ര തുടർന്നത്.വിവിധ മലകൾ ചുറ്റി അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത മലമുകളിലെ ഗ്രാമങ്ങളിലൂടെയാണ് ആദ്യ രണ്ടു മൂന്ന് ദിനങ്ങൾ പിന്നിട്ടത്. ശേഷം ആൾ താമസവും, റോഡുമില്ലാത്ത ,ഒരു ഭാഗം അഗാധമായ കൊക്കയുടെ അരികിലൂടെ പേടിപ്പിക്കുന്ന ഒറ്റയടിപാത താണ്ടിയും, ഓക്സിജനും, ആശുപത്രിയും, കടകളും ഒന്നുമില്ലാത്ത സ്ഥലങ്ങളിലൂടെ ജീവൻ പണയം വെച്ചാണ് 20 അംഗ സ്ത്രീകൾ മാത്രം അടങ്ങുന്ന സംഘം 10-ാം ദിവസം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് നടന്നു കയറിയത്. നടത്തം തുടങ്ങിയ ദിനങ്ങളിൽ മൈനസ് 3 ഡിഗ്രി ആയിരുന്നു തണുപ്പെങ്കിൽ മുകളിലേക്ക് എത്തും തോറും തണുപ്പ് കൂടി സഹിക്കാനാവാത്ത മൈനസ് 20 ഡിഗ്രിക്ക് മുകളിലായിരുന്നു തണുപ്പ് രേഖപ്പെടുത്തിയത്.പ്രതികൂല കാലവസ്ഥയിൽ ശരീരവും മുഖവും ആകെ കറുത്തും വീണ്ടുകീറിയും, വേദനിച്ചുമാണ് ഓരോ മലനിരകളും 7 വയസു മുതൽ 67 വയസു വരെയുള്ള സ്ത്രീകൾ അടങ്ങിയ സംഘം എവറസ്റ്റ് കൊടുമുടിയെ ചുറ്റി കയറിയത്.മുമ്പ് ആലുവക്കടുത്ത ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പിന്നീട് 2020- 2025 കാലയളവിൽ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൂർക്കനാട് ഒന്നാം വാർഡ് കൗൺസിലറായും പ്രവർത്തിച്ച നസീമ കുഞ്ഞുമോൻ തൻ്റെ 67-ാം വയസ്സിലാണ് അങ്ങേയറ്റം സാഹസികവും സ്വപ്നതുല്യവുമായ ലക്ഷ്യത്തിൻ്റെ കൊടുമുടി കീഴക്കിയത്.