ഇരിങ്ങാലക്കുട: കൂടിയാട്ട താളവാദ്യകലാകാരനായ കലാമണ്ഡലം രവികുമാറിന് മിഴാവില്‍ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ 2024ലെ യുവ പ്രതിഭയ്ക്കുള്ള ഉസ്താദ് ബിസ്മില്ലാ ഖാന് യുവ പുരസ്ക്കാരം.
പ്രശസ്ത അമ്മന്നൂര്‍ കുടുംബത്തില്‍ ജനിച്ച അമ്മന്നൂര്‍ ചാക്യാര്‍മഠത്തില്‍ ചന്ദ്രബാബുവിന്റേയും രാധ ഇല്ലോടമ്മയുടേയും മകനായ കലാമണ്ഡലം രവികുമാര്‍ ഇന്നത്തെ പ്രമുഖ കൂടിയാട്ട താളവാദ്യ വിദഗ്ധരില്‍ ഒരാളാണ്. കേരള കലാമണ്ഡലത്തിലാണ് മിഴാവ് അഭ്യസിച്ചത്.
കലാമണ്ഡലം ഈശ്വരനുണ്ണിയാണ് ഗുരു.
25 വര്‍ഷമായി ഈ മേഖലയില്‍ സജീവമാണ്. വര്‍ഷങ്ങളായി, നിരവധി പ്രമുഖ കൂടിയാട്ടം കലാകാരന്മാര്ക്കും ഗുരുക്കന്മാര്ക്കും ഒപ്പമാണ് രവികുമാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. തായമ്പക, മിഴാവിലെ മേളം തുടങ്ങിയ ശുദ്ധമായ താളവാദ്യ പ്രകടനങ്ങള്‍ക്കും രവികുമാര്‍ പ്രശസ്തനാണ്.
2005-ല്‍ സാംസ്കാരിക മന്ത്രാലയത്തില്‍ നിന്ന് സി.സി.ആര്.ടി. സ്കോളര്‍ഷിപ്പ് ലഭിച്ച രവികുമാറിന് 2023-ല്‍ നേപത്യ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ കൂടിയാട്ടത്തില്‍ ഡി. അപ്പുക്കുട്ടന് നായര്‍ യുവ പ്രതിഭ അവാര്‍ഡും 2024-ല്‍ കലാമണ്ഡലം പൈങ്കുളം രാമചാക്യാര്‍ യുവ പുരസ്കാരവും നേടിയിട്ടുണ്ട്. നിലവില്‍, പൈങ്കുളം രാമ ചാക്യാര്‍ സ്മാരക കലാപീഠത്തില്‍ സെക്രട്ടറിയും സീനിയര്‍ മിഴാവ് അധ്യാപകനുമാണ് രവികുമാര്‍. ഇരിങ്ങാലക്കുടയിലെ അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തിലും തിരുവനന്തപുരത്തെ മാര്‍ഗിയിലും അതിഥി കലാകാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടിയാട്ടം കലാകാരന് ഡോ. അമ്മന്നൂര്‍ രജനീഷ് സഹോദരനാണ്