IJKVOICE

ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതം’: ലീഗിനെ പിന്തുണച്ച് വി.ഡി.സതീശൻ…

കോഴിക്കോട് ∙ ഏക സിവിൽ കോഡിനെതിരായ (യുസിസി) ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം മുസ്‍ലിം ലീഗ് തള്ളിയതിനു പിന്നാലെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ക്ഷണിച്ചാൽ ലീഗ് പോകുമെന്നു കരുതുംവിധം ബുദ്ധിയില്ലാത്തവരായി സിപിഎം മാറിയതിൽ അദ്ഭുതമെന്നായിരുന്നു സതീശന്റെ പരിഹാസം.

‘‘ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു സിപിഎം നിലപാട്. കാപട്യവുമായാണ് സിപിഎം എത്തിയത്. ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിൽനിന്ന് എന്തെങ്കിലും കിട്ടുമോയെന്നാണു സിപിഎം നോക്കുന്നത്. ഇപ്പോൾ നന്നായി കിട്ടിയല്ലോ’’– സതീശൻ പറഞ്ഞു. ഞായറാഴ്ച രാവിലെ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണു സിപിഎം ക്ഷണം ലീഗ് തള്ളിയത്. 

കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ലെന്നായിരുന്നു ലീഗിന്റെ തീരുമാനം. ‘‘യുഡിഎഫിലെ പ്രധാനഘടകക്ഷിയാണു ലീഗ്. മറ്റു ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണു സെമിനാറിലേക്കു ക്ഷണിച്ചത്. അതിനാൽ പങ്കെടുക്കാനില്ല. മുസ്‌ലിം സംഘടനകൾക്ക് അവരുടെ തീരുമാനം പോലെ സെമിനാറിൽ പങ്കെടുക്കാം.’’– സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജൂലൈ 15ന് കോഴിക്കോട്ടാണ് ആദ്യ സെമിനാർ.