ആളൂർ: വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല കോടാണിവിള പരേതരായ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ മണിയുടെയും സുനിതയുടെയും മകൻ എം.എസ്. അച്ചു (19) വാണ് മരിച്ചത്.നിപ്മറിലെ ബാച്ചിലർ ഓഫ് പ്രോ സ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബി.പി.ഒ.) ആദ്യവർഷ വിദ്യാർഥിയാണ്.സുഹൃത്തുകൾക്കൊപ്പം വാടക വീടെടുത്താണ് താമസിച്ചിരുന്നത്. അവധിയായതിനാൽ വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെ കുട്ടികൾ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിലാണ് അച്ചു കുളത്തിലേയ്ക്ക് വീണത്. ചെമ്മീൻ ചാലിലെ വലയിൽ കാൽ കുടുങ്ങിയതാണ് അപകടത്തിന് കാരണം. മറ്റുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ നാട്ടുകാരെ വിളിച്ച് കൂട്ടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നി രക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ.