IJKVOICE

ആറാട്ടുപുഴ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ഭക്തിനിർഭരമായി

ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 5 ന് ശ്രീലകത്ത് താന്ത്രിക ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ചുറ്റുവിളക്ക് നടന്നു. 6ന് ആറാട്ടുപുഴ ആദിപരാശക്തി അവതരിപ്പിച്ച ഭജൻസ്, തുടർന്ന് 8.30ന് സംഗീതോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തൃശ്ശൂർ രാമകൃഷ്ണൻ മാസ്റ്ററും സംഘവും അവതരിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം ഉണ്ടായി.

9.30 മണിക്ക് ചോറ്റാനിക്കര

കാവ്യ എസ് മേനോൻ അവതരിപ്പിച്ച സോപാന സംഗീതം ഉണ്ടായിരുന്നു.

9ന് മുറജപത്തോടുകൂടി ശാസ്താവിന് കളഭാഭിഷേകം.

തുടർന്ന് ശ്രീഭൂതബലി. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. 10.30 ന് ആരംഭിച്ച പ്രസാദ ഊട്ട് 4 വരെ തുടർന്നു.

ഉച്ചക്ക് 2 മണിക്ക് ക്ഷേത്രം തിരുമുറ്റത്ത് നടന്ന ആനയൂട്ടിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത ആദ്യ ഉരുള നൽകി.

3 മണിക്ക് അഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പ്, പഞ്ചാരി മേളം എന്നിവ നടന്നു. ദേവസ്വം ഓഫീസർ യു. അരുൺ കുമാർ ശാസ്താവിന് മുമ്പിൽ പറ നിറച്ച് കൊണ്ട് കൂട്ടപ്പറ നിറക്കലിന് തുടക്കം കുറിച്ചു. തുടർന്ന് ഭക്തർ ശാസ്താവിന് നിറപറകൾ സമർപ്പിച്ചു. തിരുവാണിക്കാവ് രാജഗോപാൽ ശാസ്താവിൻ്റെ തിടമ്പേറ്റി.

ഉരുട്ടു ചെണ്ടയിൽ പഴുവിൽ രഘു മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും പഞ്ചാരിമേളത്തിന് പ്രമാണിമാരായി. 6.30 ന് പഞ്ചാരി മേളം കലാശിച്ച് ശാസ്താവിനെ ശ്രീകോവിലിലേക്ക് ഇറക്കി എഴുന്നെള്ളിച്ചു. തുടർന്ന് ദീപാരാധന നടന്നു.