മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് അങ്കണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിലെ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയേറ്റത്തിനെതിരെ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി.
സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിർഭയമായി മാധ്യമപ്രവർത്തനം നടത്തുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഇതോടൊപ്പം സ്ഥലം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനും റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.
സംഭവസമയത്ത് പകർത്തിയ ദൃശ്യങ്ങളും സംഭവവുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടുകളുടെ പകർപ്പുകളും പരാതിക്കൊപ്പം സമർപ്പിച്ചു. മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.