IJKVOICE

11കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13വർഷം തടവ്

ഇരിഞ്ഞാലക്കുട:- 11 വയസ്സു പ്രായമുള്ള പെൺകുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച കേസ്സിൽ പ്രതിയ്ക്ക് 13 വർഷം കഠിനതടവും 1,15,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി. എ. സിറാജുദ്ദീൻ വിധി പ്രസ്‌താവിച്ചു.

2018 സെപ്റ്റംബർ മാസം 3-ാം തിയ്യതി രാത്രി മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി മുറിയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന് ആരോപിച്ച് കൊടകര പോലീസ് ചാർജ്ജ് ചെയ്ത കേസ്സിൽ പ്രതിയായ കൊടകര സ്വദേശിയായ കൊല്ലം മാവടിയിൽ രജീഷ് (44) നെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളേയും 15 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നൽകിയിരുന്നു. കൊടകര സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന കെ.എസ്. സൂരജ് രജിസ്റ്റർ ചെയ്ത‌ കേസ്സിൽ കൊടകര ഇൻസ്പെക്‌ടർമാരായിരുന്ന സുമേഷ്, ടി. എ. യൂനസ്, വി. റോയ് എന്നിവർ അന്വേഷണം നടത്തി ഇൻസ്പെക്‌ടർ പി. കെ. ദാസ് ആണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സൺ ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം കഠിനതടവിനും 1,15,000/- രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 5 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

விழ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും കൂടാതെ, അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുവാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്