IJKVOICE

ഉത്സവത്തിനിടെ പോലീസ്‌മർദനത്തിൽ മൂന്നു പല്ലുകൾ പോയതായി പരാതി. എളവള്ളി വാക സ്വദേശി കുന്നത്തുള്ളി മുരളി(56)ക്കാണ് മർദനമേറ്റതായി പരാതി. ശനിയാഴ്ച വാക കാർത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വൈകീട്ടാണ് സംഭവം.

വാക കാക്കത്തിരുത്തിൽനിന്ന് വരുന്ന പൂരത്തിനിടെ തർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടെ അതുവഴിവന്ന മുരളിയെ പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജോഷി മർദിച്ചെന്നാണ് പരാതി.

സംഭവത്തെത്തുടർന്ന് കുന്നംകുളം സർക്കാർ ആശുപത്രിയിൽ ചികിത്സതേടി. നടപടിയാവശ്യപ്പെട്ട് മുരളി മുഖ്യമന്ത്രി, ഡി.ജി.പി., കമ്മിഷണർ, എ.സി.പി., പാവറട്ടി എസ്.എച്ച്.ഒ. എന്നിവർക്ക് പരാതി നൽകിയിരുന്നു.

എന്നാൽ, മുരളിയെ മർദിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന മുരളി പോലീസിനുനേരെയാണ് അതിക്രമം കാണിച്ചതെന്നും യൂണിഫോമിൽക്കയറിപ്പിടിച്ചപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിച്ച എസ്.ഐ.യുടെ കൈവിരലിൽ കടിച്ചതായും പോലീസ് പറഞ്ഞു. മുരളിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരേ നിയമനടപടി വേണമെന്ന് സി.പി.എം. എളവള്ളി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.