തൃശ്ശൂർ: ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശി മുഹമ്മദ് ഹാരിസ് ഇ.എം. (Call Sign: VU3KDZ) അന്താരാഷ്ട്ര തലത്തിൽ അപൂർവമായ ഹാം റേഡിയോ നേട്ടം സ്വന്തമാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയമായ International Space Station-ൽ നിന്ന് സംപ്രേഷണം ചെയ്യുന്ന SSTV (Slow Scan Television) സിഗ്നലുകൾ വിജയകരമായി സ്വീകരിച്ചതിന് ലഭിക്കുന്ന ARISS SSTV Award നാലാം തവണയും ഹാരിസ് സ്വന്തമാക്കി.
ബഹിരാകാശ നിലയത്തിൽ നിന്ന് പ്രത്യേക അവസരങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങൾ ഭൂമിയിലെ ഹാം റേഡിയോ ഓപ്പറേറ്റർമാർ കൃത്യമായ സമയത്ത് സ്വീകരിച്ച് ഡികോഡ് ചെയ്യേണ്ടതാണ്. ഫ്രീക്വൻസി ട്യൂണിംഗ്, ആന്റിന സംവിധാനം, സിഗ്നൽ ഡികോഡിംഗ് എന്നിവയിൽ ഉയർന്ന നിലവാരത്തിലുള്ള നൈപുണ്യം ആവശ്യമായ ഈ രംഗത്ത് ഹാരിസിന്റെ തുടർച്ചയായ നേട്ടം ശ്രദ്ധേയമാണ്.
ലോകത്ത് വളരെ കുറച്ച് ആളുകൾക്കേ ഈ ബഹുമതി ലഭിക്കുന്നുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത.
ഹാം റേഡിയോ രംഗത്തോടൊപ്പം സന്നദ്ധ സേവന മേഖലയിലും ഹാരിസ് സജീവ സാന്നിധ്യമാണ്. കേരള സംസ്ഥാന സർക്കാരിന്റെ “സത്-സേവന പത്രം” അവാർഡ് ലഭിച്ചിട്ടുള്ള ഹാരിസ്, വയനാട് ദുരന്തമുഖത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് MediaOne TV, Madhyamam തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
2018 ലെ പ്രളയകാലം മുതൽ കോവിഡ്കാലം, ഉരുൾപൊട്ടൽ ദുരന്തങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ദുരന്ത മേഖലകളിൽ ഹാരിസ് സന്നദ്ധ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് അംഗമായും, പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) ഉദ്യോഗസ്ഥനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യയോടും മനുഷ്യസേവനത്തോടുമുള്ള സമർപ്പണം ഒരുപോലെ പുലർത്തുന്ന ഹാരിസിന്റെ ഈ നേട്ടങ്ങൾ യുവതലമുറയ്ക്ക് പ്രചോദനമാകുന്നു.