തൃശൂർ പുതുക്കാട് മടവാക്കരയിൽ തനിച്ച് താമസിക്കുന്ന വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മടവാക്കര സ്വദേശി 89 വയസുള്ള കൃഷ്ണൻ ആണ് മരിച്ചത്.കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് ചെങ്ങാലൂരിൽ താമസിക്കുന്ന മകൻ മടവാക്കരയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെ വരുത്തി, വാതിൽ പൊളിച്ച് വീടിനകത്ത് കടക്കുകയായിരുന്നു. ചുമരിൽ ചാരി, കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഇടതു ചെവിയോട് ചേർന്ന് ആഴത്തിലുള്ള മുറിവും ഉണ്ട്. ഇതായിരിക്കാം മരണകാരണം എന്ന് കരുതുന്നു.
വീടിന്റെ രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നുകിടന്ന നിലയിലാണ്. ഫോറൻസിക്ക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി., പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത്