IJKVOICE

21 വർഷത്തെ സ്തുത്യർഹ സേവനം

21 വർഷത്തെ സ്തുത്യർഹ സേവനം; 1,600 ലേറെ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ; ഇ.എസ്. മണിക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

ഇരിങ്ങാലക്കുട സ്വദേശിയായ സിവിൽ പോലീസ് ഓഫീസർക്ക് അംഗീകാരം

ഇരിങ്ങാലക്കുട: ഇരുപത്തിയൊന്ന് വർഷത്തെ സ്തുത്യർഹവും മാതൃകാപരവുമായ പോലീസ് സേവനത്തിന് അംഗീകാരമായി ഇരിങ്ങാലക്കുട സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ ഇ.എസ്. മണിക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. പോലീസ് സേനയിലെ ഔദ്യോഗിക ചുമതലകൾക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും ജനസേവന പ്രവർത്തനങ്ങളുമാണ് മണിയുടെ സേവനത്തെ വേറിട്ടുനിർത്തുന്നത്.

1975 മേയ് 25ന് ജനിച്ച ഇ.എസ്. മണി 2005 ജനുവരി 24നാണ് കേരള പോലീസ് സേനയിൽ സർവീസിൽ പ്രവേശിച്ചത്. കെ.എ.പി. രണ്ടാം ബറ്റാലിയൻ മുട്ടിക്കുളങ്ങരയിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ശേഷം ബറ്റാലിയനിൽ സേവനം അനുഷ്ഠിച്ചു. നിർണായകമായ ക്രമസമാധാന പാലന പ്രവർത്തനങ്ങളിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിലും ആത്മാർഥമായും കാര്യക്ഷമമായും പ്രവർത്തിച്ചു.

2007ൽ തൃശൂർ ജില്ലയിലെ രാമവർമപുരം എ.ആർ. ക്യാമ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഇവിടെ പൊതുഡ്യൂട്ടി, തടവുകാരുടെ എസ്‌കോർട്ട് ഡ്യൂട്ടി, ക്രമസമാധാന പാലന ഡ്യൂട്ടി തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. തുടർന്ന് അഞ്ച് വർഷത്തെ ലീവ് വിത്തൗട്ട് അലവൻസിൽ വിദേശത്ത് പോയി. 2013 ആഗസ്റ്റ് 14ന് സർവീസിൽ തിരിച്ചെത്തിയ ശേഷം വിവിധ പൊതുചുമതലകൾക്കൊപ്പം വി.ഐ.പി. ഡ്യൂട്ടി, ലോക്കൽ സ്റ്റേഷൻ അറ്റാച്ച്‌മെന്റ് ഡ്യൂട്ടി എന്നിവയും നിർവഹിച്ചു.

2014ൽ ലോക്കൽ പോലീസിലേക്ക് എത്തിയതോടെ കുന്നംകുളം, ചേർപ്പ്, അന്തിക്കാട്, കാട്ടൂർ, കൊടുങ്ങല്ലൂർ കൺട്രോൾ റൂം, തൃശൂർ റൂറൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്തു. പ്രോസസ് ഡ്യൂട്ടി, എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടി, പെറ്റീഷൻ എൻക്വയറി, മേലുദ്യോഗസ്ഥരുടെ പെറ്റീഷൻ അന്വേഷണങ്ങൾ, ക്രൈം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ജോലികൾ, ക്രമസമാധാന പാലനം, ജനമൈത്രി പോലീസ് പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് മികച്ച സഹായം നൽകി.

ജനമൈത്രി പോലീസ് പ്രവർത്തനങ്ങൾക്ക് മൂന്ന് ഗുഡ് സർവീസ് എൻട്രികളും, വിവിധ കേസുകളിൽ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് വിജയകരമായ പ്രോസിക്യൂഷൻ ഉറപ്പാക്കുന്നതിൽ നടത്തിയ ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് രണ്ട് ഗുഡ് സർവീസ് എൻട്രികളും മണിക്ക് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിലും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിലും നടത്തിയ മികച്ച സേവനത്തിന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെയും മേലുദ്യോഗസ്ഥരുടെയും അഭിനന്ദനവും ലഭിച്ചു.

1,600 ലേറെ ലഹരിവിരുദ്ധ ക്ലാസുകൾ

കഴിഞ്ഞ 12 വർഷത്തിനിടെ തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏകദേശം 1,600 ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ മണി നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ട് ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിൽ സജീവമായി ഇടപെട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 28 പേരെ ലഹരിവിമുക്തരാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിലും സഹായിക്കാനായി.

കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായി 200ഓളം വനിതകൾക്ക് പരിശീലനം നൽകുകയും സ്വയംതൊഴിൽ കണ്ടെത്തി സാമ്പത്തികമായി സ്വയംപര്യാപ്തരാകാൻ സഹായിക്കുകയും ചെയ്തു.

പ്രളയകാലത്തും മാതൃകാപരമായ സേവനം

2018ലെ പ്രളയകാലത്ത് വീടുകളിൽ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷപ്പെടുത്തുന്നതിൽ മണി നിർണായക പങ്കുവഹിച്ചു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വള്ളക്കാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഈ സേവനത്തിന് തൃശൂർ സിറ്റി പോലീസ് കമ്മീഷണറിൽ നിന്ന് പ്രശംസാപത്രവും സ്മാരകോപഹാരവും ലഭിച്ചു.

കോവിഡ് മഹാമാരിക്കാലത്തും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിലും അദ്ദേഹം മുന്നിട്ടിറങ്ങി.

വെള്ളവും വീടും ഒരുക്കാൻ മുന്നിൽ

അന്തിക്കാട്, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കുടിവെള്ള ക്ഷാമം നേരിട്ട പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനും മണി ഇടപെട്ടു. അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീക്ക് വീട് നിർമ്മിച്ച് നൽകുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ഈ പ്രവർത്തനത്തിന് ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, പോലീസ് സൂപ്രണ്ട് എന്നിവരിൽ നിന്ന് ഔദ്യോഗിക അഭിനന്ദനവും ഗുഡ് സർവീസ് എൻട്രിയും ലഭിച്ചു.

നിലവിൽ തൃശൂർ റൂറൽ ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ ലീഗൽ സെല്ലിൽ സേവനമനുഷ്ഠിക്കുന്ന മണി, സുപ്രീം കോടതി, ഹൈക്കോടതി ഉൾപ്പെടെയുള്ള വിവിധ കോടതികളിൽ സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ, സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ് തുടങ്ങിയവ തയ്യാറാക്കുന്നതിൽ തൃശൂർ റൂറൽ പോലീസ് സൂപ്രണ്ടിനെ സഹായിച്ചുവരുന്നു. ക്രൈം അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും കുറ്റപത്രങ്ങളും സമയബന്ധിതമായി കോടതിയിൽ സമർപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്.

21 വർഷത്തെ സർവീസിനിടെ 12 ഗുഡ് സർവീസ് എൻട്രികളും രണ്ട് ഔദ്യോഗിക അഭിനന്ദനങ്ങളും നേടിയിട്ടുള്ള മണിയുടെ സർവീസ് റെക്കോർഡ് കുറ്റമറ്റതാണെന്ന് മേലുദ്യോഗസ്ഥർ വിലയിരുത്തുന്നു. ക്രമസമാധാന പാലനം മുതൽ ക്രൈം അന്വേഷണം, ഓഫീസ് ജോലി, ജനമൈത്രി പോലീസ്, ലഹരിവിരുദ്ധ ബോധവത്കരണം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം നടത്തിയ സേവനങ്ങൾ നേരത്തെയും മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.

സേവനത്തിന് ലഭിക്കുന്ന അംഗീകാരങ്ങൾക്കായി പിന്നാലെ പോകാതെ, ഏൽപ്പിച്ച ചുമതലകൾ ആത്മാർഥതയോടെ നിർവഹിച്ച ഉദ്യോഗസ്ഥനെന്ന നിലയിലാണ് മണിയെ സഹപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ 21 വർഷത്തെ സമർപ്പിത സേവനത്തിനുള്ള അംഗീകാരമായാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേട്ടം വിലയിരുത്തപ്പെടുന്നത്.