മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 5 ഓടെ മാറാടി മഞ്ചേരിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര വീട്ടിൽ സുനിയുടെ മകൻ സിദ്ധാർത്ഥ്(19) ആണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലി മലേക്കുഴി ആയിഷ പർവീൻ(19), മലപ്പുറം ഇല്ലിക്കൽ അസ്റ അഷൂർ(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ,ഉമ്മർ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ.പിറവം അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ഇതേ ദിശയിൽ പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തെക്ക് വരുകയായിരുന്ന വാഗണർ കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കാറിലും എതിർ ദിശയിൽ വന്ന മൂവാറ്റുപുഴ വൈക്കം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുവിദ്യാർത്ഥികളെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നുപേരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു ഇവരിൽ രണ്ടുപേർ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. സിദ്ധാർത്ഥന്റ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൂവാറ്റുപുഴ ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് മൂവാറ്റുപുഴ പിറവം റോഡിൽ മണിക്കൂറോളം വലിയ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.