IJKVOICE

9 വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം

ഇരിഞ്ഞാലക്കുട:- പ്രായപൂർത്തിയാകാത്ത 9 വയസ്സുകാരിക്കെതിരെ

ലൈംഗീക അതിക്രമം നടത്തിയ അറുപത്തിയൊന്ന്ക്കാരനെ 26 വർഷം കഠിന തടവിനും 1,50,000/- രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്’ വിവീജ സേതുമോഹൻ വിധി പ്രസ്‌താവിച്ചു.

2013 ജൂൺ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളിൽ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഢിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാർജ് ചെയ്ത് കേസ്സിൽ പ്രതിയായ ചെങ്ങാലൂർ സ്വദേശി മൂക്കുപറമ്പിൽ വീട്ടിൽ ഹരിദാസിനെ (61) ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളേയും 25 രേഖകളും 10 തൊണ്ടിവസ്തു‌ക്കളും തെളിവുകളായി ഹാജരാക്കിയിരുന്നു. പുതുക്കാട് പോലീസ് സബ്ബ് ഇൻസ്പെക്‌ടർ ആയിരുന്ന എം. രാജീവ് രജിസ്റ്റർ ചെയ്‌ത കേസ്സിൽ ഇൻസ്പെക്ട‌ർമാരായിരുന്ന പി. വി. ബേബി, എസ്. പി. സുധീരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസറും ലെയ്‌സൺ ഓഫീസറുമായ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ ഒരു വർഷം കഠിന തടവിനും കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ 6 വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 6 മാസം കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിലുണ്ട്