മോഹിനിയാട്ടത്തിൻ്റെ ശൈലിയുടെ ഏകോപനത്തിനായി കലാമണ്ഡലം മുന്നിട്ടിറങ്ങേണ്ടത് കാലത്തിൻ്റെ ആവശ്യം

ഇരിങ്ങാലക്കുട : മോഹിനിയാട്ടത്തിലെ അടവുകളെ ഏകീകരിച്ചും, ശൈലീഭേദങ്ങളെ സമന്വയിപ്പിച്ചും ആധികാരികത പുനർനിർണ്ണയിക്കാൻ കലാമണ്ഡലം മുൻകൈ എടുക്കേണ്ടതാണെന്ന് മോഹിനിയാട്ടം സംബന്ധിച്ചുനടന്ന ചർച്ചയിൽ ശക്തമായ അഭിപ്രായം രൂപപ്പെട്ടു. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുവർഷം നീണ്ടുനില്ക്കുന്ന സുവർണ്ണ ജൂബിലിയാഘോഷ പരമ്പരയുടെ ഭാഗമായി അമ്മന്നൂർ ചാച്ചുച്ചാക്ക്യാർ സ്മാരക ഗുരുകുലത്തിൽ സംഘടിപ്പിച്ച കലാമണ്ഡലം ലീലാമ്മ അനുസ്മരണത്തിനോടനുബന്ധിച്ചാണ് ചർച്ച നടന്നത്. പ്രമുഖ മോഹിനിയാട്ടം ആചാര്യ നിർമ്മലാ പണിക്കർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. “മോഹിനിയാട്ടത്തിൽ ഗുരു കലാമണ്ഡലം ലീലാമ്മ നല്കിയ പുതിയ ചുവടുകളുടെ അംഗസൗഭഗം” എന്ന വിഷയത്തെ അധികരിച്ച് ഡോക്ടർ ഗീതാ ശിവകുമാർ പ്രബന്ധാവതരണം നടത്തി. തത്സമയം അരങ്ങത്ത് ഡോക്ടർ കലാമണ്ഡലം കൃഷ്ണപ്രിയ ചൊല്ലിയാടി. വിഷയാനുബന്ധമായി തുറന്നചർച്ചയും ഉണ്ടായി. തുടർന്ന്, കലാമണ്ഡലം പ്രഷീജ ഗോപിനാഥ് അവതരിപ്പിച്ച മോഹിനിയാട്ടക്കച്ചേരി പ്രേക്ഷകമനസ്സിനെ കീഴടക്കി. യശ:ശരീരനായ കലാനിലയം ഗോപിനാഥൻ എഴുതിയ ഗണപതി ശ്ലോകം, ഊത്തുക്കാട് വെങ്കിടസുബ്ബരയർ ഖണ്ഡ ചാപ്പ് താളത്തിൽ ഗംഭീരനാട്ട രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള ഗണപതി സ്തുതി, നർത്തകി മഞ്ജു വി നായർ രചിച്ച ദ്വിജാവന്ദി രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള പദവർണ്ണം, “യാഹിമാധവ യാഹി കേശവ” എന്നുതുടങ്ങുന്ന ജയദേവരുടെ 17ാമത് അഷ്ടപദി, “നീലക്കാർമുകിൽ വർണ്ണനന്നേരം” എന്നുതുടങ്ങുന്ന കീർത്തനം, ആനന്ദഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ സ്വാതിതിരുനാളിൻ്റെ തില്ലാന തുടർന്ന് സംഗമേശസ്വാമി ശ്ലോകം എന്നീ ഇനങ്ങളാണ് ഒന്നരമണിക്കൂർ നീണ്ടുനിന്ന മോഹിനിയാട്ടക്കച്ചേരിയിൽ അവതരിപ്പിച്ചത്. ബിജീഷ് കൃഷ്ണ (വായ്പ്പാട്ട്), സുമ ശരത്ത് (നട്ടുവാങ്കം), കലാമണ്ഡലം ഹരികൃഷ്ണൻ (മൃദംഗം), രഘുനാഥൻ സാവിത്രി (പുല്ലാങ്കുഴൽ) എന്നിവർ പക്കമേളമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *